തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവാണ് യാ​ഗവും പൂജയും നടത്താനായി കുമാരസ്വാമിക്ക് ഉപദേശം നൽകിയത്. തന്ത്രിമാരെ ഏർപ്പെടുത്തിയതും അദ്ദേഹം തന്നെ.

മൈസൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒമ്പത് ദിവസം നീളുന്ന പൂജയും യാ​ഗങ്ങളും നടത്താനൊരുങ്ങി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. വെള്ളിയാഴ്ചയാണ് പൂജാകർമങ്ങൾക്ക് തുടക്കം കുറിച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ തന്ത്രിമാരുടെ സംഘമാണ് പൂജ നടത്തുന്നത്. കുടുംബാംഗങ്ങൾക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. മുൻ പ്രധാനമന്ത്രിയും പിതാവുമായ എച്ച്‌ഡി ദേവഗൗഡയും ചടങ്ങുകളിൽ പങ്കെടുക്കും.

ദേവ​ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുടുംബം പൂജ നടത്താൻ തീരുമാനിച്ചത്. ഐശ്വര്യത്തിനും ദീർഘായുസ്സിനും വേണ്ടിയാണ് പൂജയെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പഞ്ചരത്ന പദയാത്രക്ക് മുമ്പേ കുമാരസ്വാമി പങ്കെടുക്കും. അകാലമൃത്യു തടയാനായാണ് മൃത്യുജ്ഞയ ഹോമം നടത്തുന്നത്. ദുർ​ഗാദേവിയെ പ്രീതിപ്പെടുത്താനായി ആയുധ ചണ്ഡി യാ​ഗവും നടത്തും.

തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവാണ് യാ​ഗവും പൂജയും നടത്താനായി കുമാരസ്വാമിക്ക് ഉപദേശം നൽകിയത്. തന്ത്രിമാരെ ഏർപ്പെടുത്തിയതും അദ്ദേഹം തന്നെ. 2016ൽ കെസിആർ യാ​ഗം നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കെസിആറിന്റെ പാർട്ടിയായ ബിആർഎസ് ജെഡിഎസുമായി സഖ്യമായാണ് മത്സരിക്കുന്നത്.