ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഹൈദരാബാദ് എം പി കൂടിയായ ഒവൈസിയു‌ടെ മോദി- ചീറ്റ താരതമ്യ പ്രസ്താവന. 

ദില്ലി‌: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ​ഗൗരവമുള്ള വിഷയങ്ങളിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതിൽ മോദിക്ക് ചീറ്റപ്പുലിയെക്കാൾ വേ​ഗതയാണെന്നാണ് ഒവൈസി ആരോപിച്ചത്. 

​രാജസ്ഥാനിൽ ദ്വിദിന സന്ദർശനത്തിനെത്തിയതായിരുന്നു ഒവൈസി. ​ ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഹൈദരാബാദ് എം പി കൂടിയായ ഒവൈസിയു‌ടെ മോദി- ചീറ്റ താരതമ്യ പ്രസ്താവന. സെപ്തംബർ 17ന് മോദിയുടെ ജന്മ​ദിനത്തിലാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെ വൈൽഡ്ലൈഫ് സാങ്ച്വറിയിലേക്ക് തുറന്നുവിടുക. നമീബിയയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ ദേശീ‌യോദ്യാനത്തിലേക്ക് വിടുന്നത്. 

പണപ്പെരുപ്പത്തെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ ചോദിച്ചാൽ ചീറ്റയെക്കാൾ വേ​ഗത്തിലാണ് പ്രധാനമന്ത്രി ഒഴി‍ഞ്ഞുമാറുന്നതെന്നാണ് ഒവൈസി പറഞ്ഞത്. ചൈനാ വിഷയത്തിലും മോദിയുടെ അഭിപ്രായം അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. "ഇങ്ങനെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന് അമിത വേ​ഗതയാണ്. പതുക്കെ പോകാൻ നമ്മൾ അദ്ദേഹത്തോട് പറയണം". ഒവൈസി പരിഹസിച്ചു. "ഞാനിതൊക്കെ പതുക്കെയാണ് പറയുന്നത്, കാരണം എനിക്കെതിരെ യുഎപിഎ ചുമത്തരുതല്ലോ" അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗ്യാൻവാപി കേസിലെ വാരണാസി കോടതി വിധി തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങൾ സംബന്ധിച്ച 1991ലെ നിയമത്തിന് എതിരാണ് വിധിയെന്നും ഒവൈസി പ്രതികരിച്ചു. സംസ്ഥാനത്തെ മദ്രസ്സകളുടെ സർവ്വെ നടത്താനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തെ ഒവൈസി വിമർശിച്ചു. എന്തിനാണ് മദ്രസ്സകളുടെ മാത്രം കണക്കെടുക്കുന്നത്. ആർഎസ്എസ് സ്കൂളുകളുടെയോ സർക്കാർ സ്വകാര്യ സ്കൂളുകളുടെയോ ഒന്നും കണക്ക് വേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. 

ഗ്യാൻവാപി മസ്ജിദിൽ അരാധനാവകാശം തേടിയുള്ള ഹ‍ർജികൾ നില നിൽക്കുന്നതാണെന്നും ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്നുമാണ് വാരണാസി ജില്ലാ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹർജിയെ എതിര്‍ത്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയില്‍ എത്തിയ ഹർജി സുപ്രീം കോടതി ഇടപെടട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. കേസിന്‍റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച് മുതിര്‍ന്ന ജ‍ഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 

Read Also: 'ബിജെപിയില്‍ ചേരാന്‍ ദൈവത്തോട് അനുമതി ചോദിച്ചു, അദ്ദേഹം അനുവദിച്ചു'; കോണ്‍ഗ്രസ് വിട്ട ദിഗംബര്‍ കാമത്ത്