സൊഹ്റാൻ മംദാനിക്കെതിരെ എംപിമാരായ കങ്കണ റണാവത്തും അഭിഷേക് മനു സിംഗ്‌വിയും
ദില്ലി: ന്യൂയോർക്കിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിയെ അധിക്ഷേപിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഇന്ത്യക്കാരനേക്കാൾ കൂടുതൽ പാകിസ്ഥാനിയെപ്പോലെയാണ് മംദാനി സംസാരിക്കുന്നതെന്ന് കങ്കണ സമൂഹ മാധ്യമത്തിൽ കുറിച്ചു.
"അദ്ദേഹത്തിന്റെ അമ്മ മീര നായർ നമ്മുടെ മികച്ച ചലച്ചിത്രപ്രവർത്തകരിൽ ഒരാളാണ്. പത്മശ്രീ ജേതാവാണ്. മഹത്തായ ഭാരതത്തിൽ ജനിച്ചു വളർന്ന് ന്യൂയോർക്കിൽ താമസിക്കുന്നു. അവർ ഗുജറാത്ത് വംശജനായ മഹമൂദ് മംദാനിയെ വിവാഹം കഴിച്ചു. അദ്ദേഹം പ്രശസ്ത എഴുത്തുകാരനാണ്. സ്വാഭാവികമായും മകന് സൊഹ്റാൻ എന്ന് പേരിട്ടു. എന്നാൽ സൊഹ്റാൻ ഇന്ത്യക്കാരനേക്കാൾ കൂടുതൽ പാകിസ്ഥാനിയെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ഹിന്ദു സ്വത്വത്തിനും രക്തബന്ധത്തിനും എന്തുപറ്റി? ഹിന്ദുയിസത്തെ തുടച്ചുനീക്കാൻ ശ്രമിക്കുന്നു. അത്ഭുതം!! മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ"- കങ്കണ റണാവത്ത് എക്സിൽ കുറിച്ചു.
കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്‌വിയും 33 വയസ്സുകാരനായ മംദാനിയെ വിമർശിച്ചു. ഇന്ത്യക്ക് അദ്ദേഹത്തെപ്പോലെ ശത്രുക്കളുമായി സഖ്യമുള്ളവരെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു- "സൊഹ്റാൻ മംദാനി വാ തുറക്കുമ്പോൾ, പാകിസ്ഥാന്റെ പിആർ ടീം അവധി എടുക്കും. ന്യൂയോർക്കിൽ നിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്നു. ശത്രുക്കളുമായി സഖ്യമുള്ളവരെ ഇന്ത്യയ്ക്ക് ആവശ്യമില്ല." യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മംദാനിയെ അധിക്ഷേപിച്ചത് 100 ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തൻ എന്നാണ്.
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ മംദാനി പരാജയപ്പെടുത്തി. പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീരാ നായരുടെയും ഉഗാണ്ടൻ വംശജനായ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ്.
1991 ഒക്ടോബർ 18 ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി, ന്യൂയോർക്കിലാണ് വളർന്നത്. ഏഴാം വയസ്സിൽ മാതാപിതാക്കളോടൊപ്പം അദ്ദേഹം ന്യൂയോർക്കിലേക്ക് താമസം മാറി. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത്, പലസ്തീനോട് അനുഭാവം പ്രകടിപ്പിച്ച് മംദാനി നടത്തിയ പ്രചാരണം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ മുസ്‍ലിം മേയറും ആദ്യ ഇന്ത്യൻ അമേരിക്കൻ മേയറും ആകും സൊഹ്റാൻ മംദാനി.
