അരി, പരിപ്പ്, എണ്ണ, ഉപ്പ്, ഗോതമ്പ് അടങ്ങിയ കിറ്റാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ ശേഷം വിദ്യാര്‍ത്ഥികള്ക്ക് ഉച്ചഭക്ഷണത്തിനായി റേഷന്‍ നല്‍കുന്നത്. സ്കൂള്‍ തുടങ്ങി നാലുമാസത്തിന് ശേഷം എത്തിയ റേഷന്‍ മോഷണം പോവുന്ന കാര്യം ചിന്തിക്കാന്‍ കൂടി വയ്യെന്ന് ഈ അന്‍പത്തിനാലുകാരന്‍ പറയുന്നു

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉച്ചഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ മോഷണം പോകാതിരിക്കാനായി കാവല്‍ നിന്ന് പ്രധാനാധ്യാപകന്‍. വടക്കന്‍ കര്‍ണാടകയിലെ യാഡ്ഗിര്‍ ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനായ സിദ്ദണ്ണ ഗൌഡയാണ് രാത്രിയില്‍ സ്കൂളിന് കാവല്‍ നില്‍ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഭാഗമായി വിതരണത്തിന് കൊണ്ടുവന്ന റേഷന് കഴിഞ്ഞ മൂന്ന് ദിവസമായി കാവല്‍ നില്‍ക്കുകയാണ് ഈ അന്‍പത്തിനാലുകാരന്‍.

മാലഹള്ളിയിലെ ഹയര്‍ പ്രൈമറി സ്കൂളിലാണ് പ്രധാനാധ്യാപകന്‍റെ കാവല്‍. കഴിഞ്ഞ ആഴ്ചകളില്‍ പലയിടങ്ങളിലായി സ്കൂളുകളിലെത്തിച്ച ഉച്ചഭക്ഷണത്തിനായുള്ള ധാന്യങ്ങള്‍ കളവ് പോയതോടെയാണ് ഈ കാവല്‍. അരി, പരിപ്പ്, എണ്ണ, ഉപ്പ്, ഗോതമ്പ് അടങ്ങിയ കിറ്റാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ ശേഷം വിദ്യാര്‍ത്ഥികള്ക്ക് ഉച്ചഭക്ഷണത്തിനായി റേഷന്‍ നല്‍കുന്നത്. 200 വിദ്യാര്‍ത്ഥികള്‍ക്കുള്ള റേഷന്‍ നാലുമാസം വൈകിയാണ് സിദ്ദണ്ണയുടെ സ്കൂളിലെത്തുന്നത്. വൈകിയെത്തിയ റേഷന്‍ മേഷണം പോവുന്ന കാര്യം ചിന്തിക്കാന്‍ കൂടി വയ്യെന്നാണ് സിദ്ദണ്ണ ദേശീയ മാധ്യമങ്ങളോട് പറയുന്നത്.

സ്കൂളില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സിദ്ദണ്ണയുടെ വീട് ഇതോടെ സ്കൂളില്‍ തന്നെയാണ് സിദ്ദണ്ണയുടെ താമസം. റേഷന്‍ കിറ്റിലുള്ള പരിപ്പും എണ്ണയുമാണ് ആളുകളെ മോഷണത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സിദ്ദണ്ണ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയായ ശേഷമേ വീട്ടിലേക്ക് മടങ്ങൂവെന്നാണ് ഈ അന്‍പത്തിനാലുകാരന്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ ശേഷമുള്ള 132 ദിവസത്തിന് ശേഷമാണ് കിറ്റ് എത്തിയത്. അതുകൊണ്ട് തന്നെ വലിയ അളവിലാണ് റേഷനുള്ളതെന്നും സിദ്ദണ്ണ പറയുന്നു. വ്യാഴാഴ്ച മുതല്‍ കിറ്റ് വിതരണം ആരംഭിച്ചുവെന്നും ഏതാനും ദിവസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാവുമെന്നാണ് കണക്കുകൂട്ടുന്നത്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിദ്ദണ്ണ അധ്യാപകവൃത്തിയില്‍ പ്രവേശിക്കുന്നത്. 2012ലാണ് പ്രധാനാധ്യാപകനാവുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona