ദില്ലി: രാജ്യത്ത് ദിവസവും ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടി വരികയാണെന്നും ആഗോള മരണ നിരക്കില്‍ ഇന്ത്യ പിന്നിലായത് ആശ്വാസകരമാണെന്നും മന്ത്രി അറിയിച്ചു. കൂടാതെ നിലവില്‍ വൈറസ് ബാധിതര്‍ക്കായി 880 കൊവിഡ് ആശുപത്രികള്‍ നിലവിലുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

അതേസമയം കൊവിഡിൽ സമൂഹ വ്യാപനം ഉണ്ടായോയെന്നറിയാനുള്ള സിറോളജിക്കൽ  ടെസ്റ്റിന് തുടക്കമായി. രാജ്യത്തിപ്പോഴും സമൂഹ വ്യാപനമില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. എന്നാൽ ചില പ്രദേശങ്ങളിൽ കേസുകൾ കുത്തനെ ഉയരുന്നത്  സംശയങ്ങൾക്കിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിറോളജിക്കൽ ടെസ്റ്റ് അഥവാ പൂൾ ടെസ്റ്റിലേക്ക് നീങ്ങുന്നത്.

രോഗബാധ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിലടക്കം വ്യാപക പരിശോധനയ്ക്കാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. രോഗബാധ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിൽ നേരിയ കുറവുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഒരു സമൂഹത്തെ ഓരോ കൂട്ടമായി തിരിച്ച് അതിൽ ഒരാളുടെ  രക്തം പരിശോധിക്കുന്നു. ഫലം പൊസിറ്റീവെങ്കില്‍ മുഴുവൻ ആളുകളെയും പരിശോധനക്ക് വിധേയമാക്കി കൊവിഡ് ഫലം നിർണ്ണയിക്കുന്ന രീതിയാണിത്. രോഗം ഇതു വരെ റിപ്പോർട്ട് ചെയ്യാത്ത 216 ജില്ലകളിലുള്ളവരെയടക്കം പരിശോധിക്കാനാണ് തീരുമാനം.

ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള രോഗബാധ നിരക്ക് 4.9 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇത് 5 ശതമാനമായിരുന്നു. അതേ സമയം രോഗബാധിതരുടെ നിരക്കിലെ ഇപ്പോഴത്തെ വർധന നീതി ആ യോഗിൻ്റെ വിലയിരുത്തലിനെ മറികടന്നു. ഈ പതിനഞ്ചോടെ രോഗബാധിതരുടെ എണ്ണം 65000 ആകുമെന്നായിരുന്നു നീതി ആയോ ഗിൻ്റെ കണക്ക് കൂട്ടൽ.