കേരളമടക്കം 24 സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമം പാസാക്കിയിട്ടുണ്ട്

ദില്ലി: ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്രനിയമം കൊണ്ടുവരാനുള്ള നീക്കം സർക്കാർ പാതിവഴിയിൽ അവസാനിപ്പിച്ചു. നിയമത്തിനായുള്ള കരട് കേന്ദ്രസർക്കാർ പുറത്തിറക്കിയെങ്കിലും ഇത് പിന്നീട് പിൻവലിച്ചു. പല സംസ്ഥാനങ്ങളിലും നിയമമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നീക്കം മരവിപ്പിച്ചത്.

ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്രനിയമം ആവശ്യപ്പെട്ട് ഐഎംഎ 2021ൽ പ്രതിഷേധം നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം തുടരുമ്പോഴും തത്കാലം കേന്ദ്ര നിയമം കോൾഡ് സ്റ്റോറേജിലാണ്. കേന്ദ്രനിയമം വേണമെന്ന ആവശ്യം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 2019 ലാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള കേന്ദ്രനിയമത്തിന് നടപടി തുടങ്ങിയത്. കടുത്ത അതിക്രമത്തിന് മൂന്നുമുതല്‍ പത്തുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമായിരുന്നു വ്യവസ്ഥ. 2019 സെപ്തംബറിൽ നിയമത്തിന്റെ കരട് പുറത്തിറക്കി. ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങളും തേടി. എന്നാൽ കഴിഞ്ഞവർഷം ജൂലായിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ വിവരാവാകാശ രേഖയിൽ തുടർ നടപടി ഒഴിവാക്കിയെന്നാണ് വ്യക്തമാക്കുന്നത്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാൽ ഈ കാര്യത്തിൽ സംസ്ഥാനങ്ങൾ നിയമം പാസാക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് തത്കാലം കേന്ദ്രം സ്വീകരിക്കുന്നത്.

സുപ്രീം കോടതിയിൽ എത്തിയ പൊതു താത്പര്യ ഹർജിയിലും സമാന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കേരളമടക്കം 24 സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തിൽ പൊലീസ് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് മാത്രമാണ് ഇപ്പോഴും കേസെടുക്കുന്നത്. ഇതാണ് ഈ നിയമങ്ങള്‍ക്കുള്ള ന്യൂനത. 1897-ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് കൊവിഡ് പ്രവർത്തനങ്ങളിലുള്ള ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നൽകിയെങ്കിലും മഹാമാരി കാലത്തിനിപ്പുറം ഇതിനും പ്രസക്തിയില്ലാതെയായി.