കൊല്‍ക്കത്ത: ബി ജെ പി പ്രസിഡന്റ് അമിത് ഷായുടെ  'സേവ് റിപ്പബ്ലിക്' റാലിക്കിടെ കൊല്‍ക്കത്തയിലെ പ്രശസ്തമായ വിദ്യാസാഗര്‍ കോളജില്‍ നടന്ന അക്രമ സംഭവങ്ങള്‍ പുതിയ തലത്തിലേക്ക് വളരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍,  ബി.ജെ.പിക്കാര്‍ അക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ബംഗാളി ആത്മാഭിമാനത്തെ ആഴത്തില്‍ തൊടാനാവുന്ന ഒരു വിഷയമായി ഈ സംഭവം വളരുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. പ്രതിഷേധസൂചകമായി സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ന് ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി മാറ്റാന്‍ തൃണമൂല്‍ പ്രവര്‍ത്തകരോട് നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.  

ബംഗാളി നവോത്ഥാന നായകരില്‍ പ്രമുഖനാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍. എഴുത്തുകാരനും ദാര്‍ശനികനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ അദ്ദേഹത്തിന്റെ മുന്‍കൈയില്‍ സ്ഥാപിതമായതാണ് വിദ്യാസാഗര്‍ കോളജ്. ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ തികച്ചും ഭാരതീയമായ സങ്കല്‍പ്പങ്ങളില്‍ ഊന്നിയ വിദ്യാഭ്യാസ രീതി കൊണ്ടു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. 1879ല്‍ ഇവിടെ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചു. 1820ല്‍ വിദ്യാസാഗര്‍ അന്തരിച്ച വേളയിലാണ് കോളജിന് അദ്ദേഹത്തിന്റെ പേരിട്ടത്. തുടര്‍ന്നാണ് കോളജില്‍ വിദ്യാസാഗര്‍ പ്രതിമ സ്ഥാപിച്ചത്. 

അമിത് ഷായുടെ റോഡ് ഷോയെ അനുഗമിച്ചിരുന്ന ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ കോളജിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുഖം മൂടിയെത്തിയ അക്രമി സംഘം ബി.ജെ.പി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കാവിക്കൊടികള്‍ ബൈക്കുകളില്‍ കുത്തിവെക്കുകയും ചെയ്തതായി കോളജിലെ വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ബി.ജെ.പി പറയുന്നത്. കോളജില്‍നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഒരു പ്രകോപനവുമില്ലാതെ റാലിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. പ്രതിമ യൂനിയന്‍ റൂമിനുള്ളിലായിരുന്നു. അവ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണ്. അതിനുശേഷം അതെടുത്ത് പുറത്തുകൊണ്ട് വെച്ച് ബി.ജെ.പിയെ പഴിചാരുകയായിരുന്നു. ബി. ജെ.പി പ്രവര്‍ത്തകര്‍ ഒരു പ്രതിമയും ആക്രമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കോളജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്ടറും ക്വാളിറ്റി അഷ്വറന്‍സ് സെല്ലും സ്ഥിതി ചെയ്യുന്ന പ്രധാന ഓഫീസിനകത്താണ് കണ്ണാടിക്കൂടിനുള്ളില്‍ വിദ്യാസാഗര്‍ പ്രതിമ ഉണ്ടായിരുന്നത്. ബൈക്കുകളില്‍ ഇരച്ചെത്തിയ മുഖം മറച്ച അക്രമി സംഘം കണ്ണാടിക്കൂട് തല്ലിപ്പൊളിച്ച് പ്രതിമ തകര്‍ക്കുകയായിരുന്നു. കോളജ് യൂനിയന്‍ വൈസ് ചെയര്‍മാന്‍ മനിറുല്‍ മണ്ഡലിനു നേരെയും ആക്രമണം നടന്നു. വിദ്യാര്‍ത്ഥികള്‍ക്കു നേരെ നൂറു കണക്കിന് ഇഷ്ടികകള്‍ വലിച്ചെറിഞ്ഞതായി മണ്ഡല്‍ പറഞ്ഞു. 

'ആദ്യമവര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടിന്റെ മറവിലാണ് ആക്രമണം നടത്തിയത്. ഫര്‍ണീച്ചറുകളും അവര്‍ തല്ലിത്തകര്‍ത്തു'-സംഭവ സമയം കോളജിനുള്ളില്‍ ഉണ്ടായിരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കുനാല്‍ ഡേ പറഞ്ഞു. 

കൊല്‍ക്കത്ത സര്‍വകലാശാലാ പ്രതിനിധിയായി വിദ്യാസാഗര്‍ കോളജില്‍ എത്തിയ സിറ്റി കോളജ് ജന്തുശാസ്ത്ര അധ്യാപകന്‍ ദേബാശിഷ് കര്‍മാക്കറിന്റെ ലാപ്‌ടോപ്പ് അക്രമികള്‍ തല്ലിത്തകര്‍ത്തു. അക്രമികളുടെ അഴിഞ്ഞാട്ടം കണ്ട് ഭയന്ന് താനും ഭാര്യ പ്രൊഫ. മീനാക്ഷി മജുംദാറും രണ്ട് സെക്യൂരിറ്റിക്കാര്‍ക്കൊപ്പം കാമ്പസിന്റെ ഒരു മൂലയില്‍ അഭയം തേടുകയായിരുന്നുവെന്ന് കര്‍മാക്കര്‍ പറഞ്ഞു. പ്രതിമയ്ക്കടുത്തുള്ള മേശയില്‍ വെച്ചിരുന്ന ലാപ്ടാപ്പ് അക്രമികള്‍ അടിച്ചു തകര്‍ത്തതായും നിരവധി ഔദ്യോഗിക രേഖകള്‍ ഇതുവഴി നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കാവിത്തുണി കൊണ്ട് മുഖം മറച്ചവരാണ് ആക്രമണം നടത്തിയതെന്നും കര്‍മാക്കര്‍ പറഞ്ഞു. 

സംഭവമറിഞ്ഞ് കോളജിലെത്തിയപ്പോള്‍ താനാകെ അമ്പരന്നുപോയതായി കോളജ് പ്രിന്‍സിപ്പല്‍ ഗൗതം കുന്ദു മാധ്യമങ്ങളോട് പറഞ്ഞു. കണ്ണാടിച്ചില്ലുകള്‍ പൊട്ടിക്കിടക്കുകയായിരുന്നു. വിദ്യാസാഗര്‍ പ്രതിമ തകര്‍ന്നു കിടപ്പായിരുന്നു. ആ സമയത്ത് കോളജിലുണ്ടായിരുന്ന മൂന്ന് അധ്യാപികമാര്‍ ഭയന്നു വിറച്ച് ക്ലാസ് മുറിയില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കാമ്പസില്‍നിന്നും പോവുകയായിരുന്ന മൂന്ന് ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി തീ കൊളുത്തിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കവാടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയും ആക്രമണം നടന്നു. ഇരുമ്പ് ഗേറ്റ് ചാടിക്കടന്നെത്തിയ യുവാക്കള്‍ തങ്ങള്‍ക്കു നേരെ തിരിഞ്ഞതായും ദുപ്പട്ട പിടിച്ചു വലിച്ചതായും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി സ്വര്‍ണാലി മിത്ര പറഞ്ഞു. 

സംഭവമറിഞ്ഞ് രാത്രി ഒമ്പതരയോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോളജിലെത്തി. തകര്‍ന്നു കിടക്കുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയുടെ അവശിഷ്ടങ്ങള്‍ മുഖ്യമന്ത്രി മമത വാരിയെടുത്ത്, പ്രതിമ സൂക്ഷിച്ച കണ്ണാടിക്കൂടിനടുേേത്തക്ക് ചെന്ന് അവിടെ അവ വെച്ചു. 

കാല്‍ മണിക്കൂറിനു ശേഷം മമത വാര്‍ത്താ സമ്മേളനം വിളിച്ചു. പുറത്തുനിന്നുള്ള ഗുണ്ടകളുടെ സഹായത്തോടെ ബി.ജെപി കൊല്‍ക്കത്താ സര്‍വകലാശാലയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് മമത പറഞ്ഞു. 'കോളജിന്റെ പാരമ്പര്യത്തെക്കുറിച്ച് ബി.ജെ.പിക്ക് എന്തറിയാം?  കൊല്‍ക്കത്ത സര്‍വകലാശാല ബംഗാളികളുടെ അഭിമാനമാണ്. വിദ്യാസാഗറിന്റെ ഇരുന്നൂറാം പിറന്നാള്‍ ആഘോഷ ചടങ്ങുകള്‍ക്കിടെയാണ് ബി.ജെ.പി അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തത്'-മമത പറഞ്ഞു.