കോട്ടയം പാലായിലെ രണ്ട് സ്കൂളുകളിൽനിന്നുള്ള വിനോദയാത്ര സംഘവും ചുരം റോഡിൽ കുടുങ്ങി. പുലർച്ചെ വരെ വിദ്യാർഥികൾക്കും അധ്യാപകർക്കും ബസിൽ കഴിയേണ്ടിവന്നു. തുടർന്ന് രാവിലെ ഇവർ കേരളം മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടു. പിന്നാലെ തമിഴ്നാട്ടിലെ അധികൃതരെത്തി 150-ഓളം വിദ്യാർഥികളെ സമീപത്തെ സ്വകാര്യ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഇവർ സുരക്ഷിതരാണ്.
ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും. കൂനൂർ-മേട്ടുപ്പാളയം ചുരംറോഡിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു. കണ്ടക്ടർ ഗുരുതര പരിക്കേറ്റു. മേട്ടുപ്പാളയം-ഊട്ടി റോഡിൽ 14-ഓളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച പുലർച്ചെയാണ് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. കൂനൂരിൽനിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന ബസിൽ ഡ്രൈവറും കണ്ടക്ടറും മൂന്ന് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഡ്രൈവറായ ജനഗരാജാണ് അപകടത്തിൽ മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇദ്ദേഹത്തെ കൂനൂരിൽനിന്നും മേട്ടുപ്പാളയത്തുനിന്നും എത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. കണ്ടക്ടറായ കേശവനും അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി മുതലാണ് നീലഗിരിയിൽ മഴ ശക്തമായത്. തുടർന്ന് ഊട്ടി റോഡിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഊട്ടി-മേട്ടുപ്പാളയം ഹൈവേയിലും ഊട്ടി-കൂനൂർ ഹൈവേയിലും ഗതാഗതം പൂർണമായും തടസപ്പെട്ടു. പലയിടത്തും വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. അതിനിടെ, കോട്ടയം പാലായിലെ രണ്ട് സ്കൂളുകളിൽനിന്നുള്ള വിനോദയാത്ര സംഘവും ചുരം റോഡിൽ കുടുങ്ങി. പുലർച്ചെ വരെ വിദ്യാർഥികൾക്കും അധ്യാപകർക്കും ബസിൽ കഴിയേണ്ടിവന്നു. തുടർന്ന് രാവിലെ ഇവർ കേരളം മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടു. പിന്നാലെ തമിഴ്നാട്ടിലെ അധികൃതരെത്തി 150-ഓളം വിദ്യാർഥികളെ സമീപത്തെ സ്വകാര്യ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഇവർ സുരക്ഷിതരാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതിനിടെ, കൊടൈക്കനാലിലെ രണ്ടിടങ്ങളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊടൈക്കനാൽ മേഖലയിലും കഴിഞ്ഞദിവസം മുതൽ ശക്തമായ മഴയാണ്. കോയമ്പത്തൂർ, നീലഗിരി, തേനി, ദിണ്ഡിഗൽ ജില്ലകളിൽ അടുത്ത രണ്ടുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വിനോദയാത്ര ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ യാത്രക്കാരല്ലാത്തവർ നീലഗിരി മേഖലകളിലേക്ക് യാത്രചെയ്യരുതെന്നും നിർദേശമുണ്ട്.







