മുംബൈ: മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. താനെ,കല്ല്യാൺ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളിൽ വീടുകളുടെ ഒന്നാം നിലയിൽ വരെ വെള്ളം കയറി. പ്രളയ സമാനമായ സാഹചര്യം നേരിടാൻ തയ്യാറെടുപ്പു നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴയെ തുടര്‍ന്ന് മുബൈ വിമാനത്താവളത്തിൽ നിന്നുള്ള പതിനൊന്നു വിമാനസർവ്വീസുകൾ റദ്ദാക്കി. മുബൈയിൽ ഇറങ്ങേണ്ട ഒമ്പതു വിമാനങ്ങളെ സമീപ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. റെഡ് അലർട്ട് പ്രഖ്യാപിച്ച  മുബൈ,കല്ല്യാൺ,റായിഗഡ് ജില്ലകളിൽ ദുരന്ത നിവാരണ സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

മൺസൂൺ ശക്തമാകുന്നതിനു പുറമേ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.