Asianet News MalayalamAsianet News Malayalam

കനത്ത മഴ; മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്ന് ആറ് പേർ മരിച്ചു; 18 പേരെ കാണാനില്ല

അണക്കെട്ടിനോട് ചേർന്നുള്ള 15 വീടുകളാണ് ഒഴുകിപ്പോയത്. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്

heavy rain, dam collapsed in maharashtra, six died, 18 people missing
Author
Mumbai, First Published Jul 3, 2019, 10:24 AM IST

മുംബൈ:  കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് ആറ് പേർ മരിച്ചു. 18 പേരെ കാണാതായി. അണക്കെട്ടിനോട് ചേർന്നുള്ള 15 വീടുകളാണ് ഒഴുകിപ്പോയത്. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന നേതൃത്വത്തിൽ രക്ഷാ പ്രവ‍ർത്തനം പുരോഗമിക്കുകയാണ്. 

വിവിധയിടങ്ങളിൽ മഴ തുടരുന്നതിനാൽ മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിൽ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയിൽ 42 പേർക്കാണ് ജീവൻ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 

താഴ്ന്ന പ്രദേശങ്ങളായ കുർള, ദാദർ, സയൺ, ഘാഡ്കോപ്പർ, മലാഡ്, അന്ധേരി എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി. മുംബൈയിൽ 1500 ലേറെപേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റൺവേയിൽ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഇന്നലെ താറുമാറായിരുന്നു. കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങൾ മുംബൈയിൽ ഉള്ളതിനാൽ ജനങ്ങൾ ആശങ്കയോടെയാണ് കഴിയുന്നത്.
 

Follow Us:
Download App:
  • android
  • ios