ഒരു കിലോമീറ്റർ സഞ്ചരിക്കാൻ തന്നെ മണിക്കൂറുകൾ വേണമെന്നും, അഞ്ച് കിലോമിറ്റർ ദൂരം സഞ്ചരിച്ചത് ഏകദേശം 24 മണിക്കൂറുകളോളം എടുത്താണെന്നുമാണ് യാത്രക്കാർ പറയുന്നത്.
ദില്ലി: ബിഹാറിലെ രോഹ്താസ് ജില്ലയില്‍ പെയ്ത മഴയെ തുടർന്ന് ബിഹാറിലെ ദില്ലി-കൊല്‍ക്കത്ത ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. മൂന്ന് ദിവസം മുമ്പ് പെയ്ത കനത്ത മഴയെത്തുടർന്ന് റോഡുകൾ വെള്ളത്തിലാകുകയും പലയിടങ്ങളിലും ഹൈവേ നിർമ്മാണം തടസപ്പെടുകയും ചെയ്തിരുന്നു. നാലുദിവസമായി തുടരുന്ന ഗതാഗതക്കുരുക്കഴിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ തന്നെ മണിക്കൂറുകൾ വേണമെന്നും, അഞ്ച് കിലോമിറ്റർ ദൂരം സഞ്ചരിച്ചത് ഏകദേശം 24 മണിക്കൂറുകളോളം എടുത്താണെന്നുമാണ് യാത്രക്കാർ പറയുന്നത്.
ബിഹാറിലെ രോഹ്താസ് ജില്ലയില്‍ പെയ്ത മഴയില്‍ ദേശീയപാത-19-ലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇതാണ് ഗതാഗത തടസ്സത്തിനും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിനും കാരണമായത്. രോഹ്താസില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ഔറംഗാബാദ് വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നും യാത്രക്കാർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ബീഹാറിലെ സസാറാമിനും റോഹ്താസിനും സമീപം 15 - 20 കിലോമീറ്റർ വരെ നീളമുള്ള ഗതാഗതക്കുരുക്കാണ് ഉള്ളത്. ദേശീയപാത 19-ൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരക്കണക്കിന് യാത്രക്കാരും ട്രക്ക് ഡ്രൈവർമാരും കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ഇതുവരെ ആകെ 5 കിലോമീറ്റർ മാത്രമാമ് സഞ്ചരിക്കാനായത് ഭക്ഷണമില്ല, റോഡരികിൽ ലഭ്യമായ ചെറിയ ലഘുഭക്ഷണങ്ങൾ കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്," ഒഡീഷയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രക്ക് ഡ്രൈവർ ദുബാൻ കുമാർ പറഞ്ഞു. 24 മണിക്കൂർ മുമ്പ് യാത്ര ആരംഭിച്ചിട്ട് 20 കിലോമീറ്റർ മാത്രമേ താൻ പിന്നിട്ടിട്ടുള്ളൂ എന്നാണ് കൊൽക്കത്തയിൽ നിന്ന് വരികയായിരുന്ന മറ്റൊരു ട്രക്ക് ഡ്രൈവർ സഞ്ജയ് ദാസ് പറഞ്ഞത്. കൊൽക്കത്തയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 19 വ്യാപാര ഗതാഗതത്തിനുള്ള ഒരു പ്രധാന പാതയാണ്.


