ഹൈദരാബാദ്: ഹൈദരാബാദില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീണ് രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം ഒമ്പത് പേര്‍ മരിച്ചു. മതില്‍ വീടിന് മുകളിലേക്കാണ് വീണാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പത്തോളം വീടുകള്‍ക്ക് മുകളിലാണ് മതില്‍ തകര്‍ന്നുവീണത്. 
ബന്ദ്‌ലഗുഡയിലെ മുഹമ്മദിയ ഹില്‍സിലാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്. എംപി അസദുദ്ദീന്‍ ഒവൈസി സംഭവം സ്ഥലം സന്ദര്‍ശിച്ചു. 

കഴിഞ്ഞ മൂന്ന് ദിവസമായി തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തലസ്ഥാന നഗരമായ ഹൈദരാബാദിലും മഴ രൂക്ഷമാണ്. തെലങ്കാനയിലെ 12 ജില്ലകളെ മഴ ബാധിച്ചെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.