ശനിയാഴ്ച തുടർച്ചയായി പെയ്ത കനത്ത മഴയിൽ പൂനെയിലെ ഹിഞ്ചേവാഡി ഐടി പാർക്കിൽ റോഡ് പൂർണമായും മുങ്ങി. റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോൾ.
പൂനെ: ശനിയാഴ്ച തുടർച്ചയായി പെയ്ത കനത്ത മഴയിൽ പൂനെയിലെ ഹിഞ്ചേവാഡി ഐടി പാർക്കിൽ റോഡ് പൂർണമായും മുങ്ങി. റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോൾ. ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്. റോഡിന്റെ ഒരു വീഡിയോ ഇപ്പോൾ എക്സിലടക്കം പ്രചരിക്കുകയാണ്. പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ (പിഎംസി) ബസുകളടക്കം ഇന്നലെ പകുതി മുങ്ങിപ്പോയിരുന്നു.
ഏകദേശം 400 ഐടി, ഐടി അനുബന്ധ സേവന കമ്പനികളാണ് ഹിഞ്ചേവാഡിയിലെ രാജീവ് ഗാന്ധി ഇൻഫോടെക് പാർക്കിലുള്ളത്. എന്നാൽ നിരന്തരം അടിസ്ഥാന സൗകര്യങ്ങളും, ഡ്രെയിനേജ് പ്രശ്‌നങ്ങളും നേരിടുന്ന മേഖലയാണിത്. മരുഞ്ചി, മാഞ്ചി പർവതങ്ങളിൽ നിന്നുള്ള മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുന്ന നിർമ്മാണ, മെട്രോ വർക്കുകളാണ് ഇതിന്റെ പ്രധാന കാരണം.
എൻസിപി (എസ്‌പി) നേതാവ് സുപ്രിയ സുലെ എക്സിലൂടെ ഹിഞ്ചേവാഡിയിലെ വെള്ളക്കെട്ടുള്ള റോഡിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് (എംഐഡിസി) ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച പൂനെയിൽ 150 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. ഇന്നും പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
