പട്ന: ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയിലും ഇടിമിന്നലിലും മരണം 83 ആയി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഗോപാൽഗഞ്ച് ജില്ലയിൽ മാത്രം 13 പേർ മരിച്ചു. ഭംഗ, സിവാൻ, മധുബനി, വെസ്റ്റ് ചന്പാരൻ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 

ദർഭംഗ, സിവാൻ, മധുബനി എന്നിവിടങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗോപാൽ ഗഞ്ജ് ജില്ലയിൽ മാത്രം 13 പേരാണ് മരിച്ചത്. അസമിലും സ്ഥിതി രൂക്ഷമാണ്. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 14 പേർ മരിച്ചു. അഞ്ച് ജില്ലകളിലായി 38000 പേരെ മാറ്റിപ്പാർപ്പിച്ചു. മേഘാലയ, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളിൽ അടുത്ത മൂന്ന് ദിവസവും മഴ കനയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അതേസമയം, ബിഹാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ സംസ്ഥാന സർക്കാർ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.