സാധാരണ ജലനിരപ്പിൽ നിന്ന് മുപ്പതടി ഉയരത്തിലാണ് ഇപ്പോൾ ജലനിരപ്പുള്ളത്. വരാനിരിക്കുന്നത് പേമാരിയുടെ നാളുകളാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 38 ആയി. വരാനിരിക്കുന്ന ദിവസങ്ങളിലും ഗർവാൾ, കുമയൂൺ മേഖലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ സഞ്ചാരികളോടും തിരികെ മടങ്ങാൻ സംസ്ഥാനസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഉത്തരാഖണ്ഡിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. അളകനന്ദ നദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. സാധാരണ ഉള്ളതിൽ നിന്ന് 30 അടി ഉയരത്തിലാണ് അളകനന്ദ നദിയിലെ ജലനിരപ്പ് ഇപ്പോൾ. 

എല്ലാ ജില്ലകളിലും കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പൗരി ഗാഡ്‍വാൾ, ചമോലി, ഉത്തർകാശി, രുദ്രപ്രയാഗ്, പിത്തോറഗഢ്, ചംപാവത്, ബാഗേശ്വർ, നൈനിറ്റാൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 

Scroll to load tweet…

ഉത്തർകാശിയും രുദ്രപ്രയാഗും പോലെയുള്ള ഇടങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചമോലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 15 പേർ. 

രുദ്രപ്രയാഗിലെ എല്ലാ ഘാട്ടുകളും വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. മഴ കനത്താൽ അളകനന്ദാ നദിയിലെ ജലനിരപ്പ് വീണ്ടുമുയരുമെന്നത് ആശങ്ക കൂട്ടുന്നു. ജോഷിമഠിൽ നിന്ന് ബദരീനാഥിലേക്ക് പോകും വഴി ലംബാഗറിൽ രൂക്ഷമായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ട്. 

Scroll to load tweet…

തീർത്ഥാടകരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കാൻ സമാന്തരപാത തുറന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

Scroll to load tweet…