Asianet News MalayalamAsianet News Malayalam

ശിശു മരണം; രാജസ്ഥാൻ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

രാജസ്ഥാനിലെ പല ആശുപത്രികളിലായി ഡിസംബറിൽ മാത്രം നൂറിലധികം കുഞ്ഞുങ്ങൾ മരിച്ചിരുന്നു... 

high court take case on children died in rajasthan
Author
Jaipur, First Published Jan 7, 2020, 4:27 PM IST

ജയ്പൂര്‍: രാജസ്ഥാനില്‍ തുടര്‍ച്ചയായി കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കേസ് ഫെബ്രുവരി 10ന് പരിഗണിക്കും. രാജസ്ഥാനിലെ പല ആശുപത്രികളിലായി ഡിസംബറിൽ മാത്രം നൂറിലധികം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. 

രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിൽ ശനിയാഴ്ച രണ്ടു നവജാത ശിശുക്കൾകൂടി മരിച്ചതോടെ കഴിഞ്ഞ മാസം ഡിസംബർ മുതൽ ഇതുവരെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി. ഡിസംബറിൽ 100 നവജാത ശിശുക്കളാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെ കെ ലോണ്‍ ആശുപത്രിയിൽ മരിച്ചത്. അതേസമയം, 2014ലെ ശിശുമരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 2019ലെ മരണസംഖ്യ വളരെ കുറവാണെന്ന് സർക്കാർ അവകാശപ്പെട്ടു.

സർക്കാർ ആശുപത്രിയിൽ കുട്ടികൾ വ്യാപകമായി മരിച്ചതോടെ മുഖ്യമന്ത്രി അശോക് ​ഗഹ്​‍ലോട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്​‍ലോട്ട് ​രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി രം​ഗത്തെത്തി. ശിശുമരണം വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെ ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡയുടെ നേതൃത്വത്തിൽ എംപി ലോകേത് ചാറ്റർജി, കാന്ത കാർഡം, ജാസ്കൌർ മീന എന്നിവർ ഉൾപ്പെട്ട ബിജെപി പാർലമെന്ററി സംഘം ആശുപത്രി സന്ദർശിച്ചിരുന്നു.

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ സംഘം ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശിച്ച് നടപടി കൈക്കൊള്ളമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു. രണ്ടും മൂന്നും കുട്ടികളെ ഒറ്റ കിടക്കയിൽ കണ്ടെത്തിയതായും ആശുപത്രിയിൽ വേണ്ടത്ര നഴ്‌സുമാർ ഇല്ലെന്നും ഡോക്ടർമാർ ശ്രദ്ധപുലർത്തുന്നില്ലെന്നും, മരിച്ച കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ജനന സമയത്ത് ഭാരം കുറവായതിനാലാണ് കുട്ടികൾ പ്രധാനമായും മരിക്കുന്നതെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നത്.  

നേരത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഒരുമാസത്തിനകം സംഭവത്തിൽ വിശദമായ റിപ്പോർ‌ട്ട് നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നോട്ടീസയച്ചത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.

ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാരും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അമ്മമാരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബിജെപി സർക്കാരിന്റെ കാലത്തെക്കാൾ ശിശുമരണനിരക്ക് കുറഞ്ഞെന്ന് അശോക് ഗെഹ്ലോട്ട് തിരിച്ചടിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios