നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധം നാടകീയമായി. സമരക്കാരെ പിന്തിരിപ്പിക്കാൻ വൈദ്യുതിയും വെള്ളവും തടഞ്ഞ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം കനത്തതോടെ, ഒടുവിൽ സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു

ദില്ലി: നീറ്റ് പരീക്ഷ ചോദ്യപേപ്പ‌ർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ജന്തർ മന്തറിൽ സി ജെ പി നടത്തുന്ന പ്രതിഷേധത്തിനിടെ അതീവ നാടകീയ രംഗങ്ങൾ. രാത്രി വൈകിയും സമരം തുടരുന്നതിനിടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും, അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് സി ജെ പി നേതാവ് അഭിജിത് ദീപ്കെ രംഗത്തെത്തി. രാജ്യത്തെ ഒരു കോടിയിലധികം വരുന്ന വിദ്യാർത്ഥികളുടെ ഭാവി തകർത്ത മന്ത്രി രാജിവെക്കും വരെ പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സമരക്കാരെ ബുദ്ധിമുട്ടിക്കാൻ ജന്തർ മന്തറിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച പൊലീസ്, ബാരിക്കേഡുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നത് തടയുകയും ചെയ്തു. ഇതിനെതിരെ കടുത്ത ഭാഷയിലാണ് സമരക്കാർ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞങ്ങൾ തീവ്രവാദികളോ?

കുടിവെള്ളവും വൈദ്യുതിയും തടയാൻ തങ്ങൾ തീവ്രവാദികളാണോ എന്നാണ് പ്രതിഷേധക്കാർ ചോദിച്ചത്. ഇനി കുടിവെള്ളം എത്തിക്കാൻ വ്യോമസേനയെ വിളിക്കുമോ എന്നടക്കം അഭിജിത് ദീപകെ ചോദിച്ചു. ലൈറ്റുകൾ പോലീസ് അണച്ചതോടെ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കി ഇൻസ്റ്റഗ്രാം ലൈവ് വഴി പ്രതിഷേധം ലോകത്തെ അറിയിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ജനാധിപത്യപരമായ സമാധാന സമരം പോലും സർക്കാർ അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ നേതാക്കൾ, മറ്റൊരു പ്രതിഷേധ സ്ഥലം അനുവദിച്ചാൽ അങ്ങോട്ട് മാറാൻ തയ്യാറാണെന്നും വ്യക്തമാക്കി. ഒടുവിൽ മണിക്കൂറുകൾ നീണ്ട നാടകീയതയ്ക്കൊടുവിലാണ് ജന്തർ മന്തറിലെ വെള്ളവും വെളിച്ചവും പൊലീസ് പുനഃസ്ഥാപിച്ചത്. ഉച്ചക്ക് ഒരു മണിയോടെ തുടങ്ങിയ പ്രതിഷേധം 9 മണിക്കൂർ പിന്നിടുമ്പോഴും അതിശക്തമായി തുടരുകയാണ്. മന്ത്രി രാജിവയ്ക്കാതെ തിരികെ പോകില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. നേരത്തെ രാത്രിയിലും ജന്തർ മന്തറിൽ പ്രതിഷേധം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഡി സി പിക്ക് അഭിജിത് ദീപ്കെ കത്തുനൽകിയിരുന്നു. എന്നാൽ രാത്രിയിൽ സമരം തുടരാനുള്ള അനുമതി ദില്ലി പൊലീസ് നിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ബലം പ്രയോഗിക്കുമോ എന്നതാണ് കണ്ടറിയാനുള്ളത്.