ദില്ലി/ ഗുവാഹത്തി: പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരങ്ങൾ ആളിക്കത്തിയ അസമിൽ ആകെ ഇന്നർ ലൈൻ പെർമിറ്റ് (Inner Line Permit - ILP) ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാർശ. അസമീസ് ജനതയുടെ ഭരണഘടനാപരവും, നിയമപരവും, ഭരണപരവുമായ അവകാശങ്ങൾ സംരക്ഷിക്കാനായി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഉൾഫ ഉൾപ്പടെയുള്ള തീവ്രവാദസംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി ഒപ്പുവച്ച അസം ഉടമ്പടിയുടെ ഭാഗമായി രൂപീകരിച്ച ഉന്നതതല സമിതിയാണിത്. 

1951-ന് മുമ്പ് അസമിലുണ്ടായിരുന്നവരെ മാത്രം തദ്ദേശീയരായി പരിഗണിച്ചാൽ മതിയെന്നും, തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകൾ തദ്ദേശീയർക്കായി മാറ്റിവയ്ക്കണമെന്നും ശുപാർശയിൽ പറയുന്നു. ഇത് നടപ്പാക്കാൻ, പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾ തണുപ്പിക്കാൻ കേന്ദ്രസർക്കാരിനാകും. 

നിലവിൽ അസമിൽ മൂന്ന് ജില്ലാ കൗൺസിലുകൾ മാത്രമാണ് ഇന്നർ ലൈൻ പെർമിറ്റിന് കീഴിൽ പ്രത്യേകാധികാരങ്ങളോടെ പ്രവർത്തിക്കുന്നത്.

Image result for states in india with inner line permit

ഇന്ത്യൻ പൗരൻമാരാണെങ്കിൽപ്പോലും ഇന്നർ ലൈൻ പെർമിറ്റ് ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണം. പ്രത്യേക സംരക്ഷണം ആവശ്യമുള്ള ഗോത്രവിഭാഗങ്ങളുള്ള അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോൾത്തന്നെ ഇന്നർലൈൻ പെർമിറ്റ് നിലനിൽക്കുന്നുണ്ട്. ടൂറിസ്റ്റുകൾക്കും, പാട്ടക്കാർക്കും, മറ്റ് ആവശ്യങ്ങൾക്കായി സംസ്ഥാനം സന്ദർശിക്കുന്നവർക്കും വെവ്വേറെ തരത്തിലുള്ള ഇന്നർ ലൈൻ പെർമിറ്റാണ് നൽകുക. ഇതിനെക്കൂടാതെ, ഇന്നർലൈൻ പെർമിറ്റുള്ള സംസ്ഥാനങ്ങൾക്ക് ഭരണപരമായ മറ്റ് പ്രത്യേക അധികാരങ്ങളുമുണ്ടാകും.

അസമിന് ഇന്നർ ലൈൻ പെർമിറ്റ് അനുവദിക്കുന്നതോടെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ തണുക്കുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കെതിരായി വിവേചനപരമായ ചട്ടങ്ങളുള്ളതിനാലാണ് സിഎഎയ്ക്ക് എതിരെ സമരം നടക്കുന്നതെങ്കിൽ, സ്വന്തം സംസ്ഥാനത്തേക്ക് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ കുടിയേറ്റക്കാർ എത്തുമെന്നും, അവർക്കെല്ലാം അസമിൽ ഭൂമി വാങ്ങാനും, മറ്റ് അധികാരങ്ങളും കിട്ടുമെന്നുമാണ് അസമുകാരുടെ പരാതി. അങ്ങനെ അസമിലെ കുറ്റിയറ്റ് പോയേക്കാവുന്ന പല ഗോത്രങ്ങളുടെയും നിലനിൽപ്പ് പ്രതിസന്ധിയിലാകുമെന്നും, വംശീയത്തനിമയ്ക്ക് കോട്ടം തട്ടുമെന്നും അസമിലെ വിവിധ ഗോത്രസംഘടനകൾ ആരോപിക്കുന്നു. ഇതുയർത്തിയാണ് അസമിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്.

അതിനാൽ എത്രയും പെട്ടെന്ന് അസമിൽ ഭൂമി വാങ്ങുന്നതിനും സ്ഥിരതാമസമാക്കുന്നതിനും വിലക്കേർപ്പെടുത്തുന്ന ഇന്നർ ലൈൻ പെർമിറ്റ് നടപ്പാക്കണമെന്ന് സംസ്ഥാനത്തെ ബിജെപി സർക്കാർ തന്നെ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ്, പാർലമെന്‍റിൽ, അസമിന്‍റെ ഗോത്രത്തനിമ നിലനിർത്തുന്ന തരത്തിലുള്ള നിർദേശങ്ങളാകും കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതി നിയോഗിക്കുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. 

2019 ജനുവരിയിലാണ് അസം ഉടമ്പടിയുടെ പശ്ചാത്തലത്തിൽ ഈ ഉന്നതതല സമിതി ആദ്യം രൂപീകരിച്ചത്. എന്നാൽ പൗരത്വ നിയമഭേദഗതിയുടെ കരട് ബില്ലിനെതിരെ പ്രതിഷേധിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എം പി ബെസ്‍ ബറുവ അദ്ധ്യക്ഷനായ ഈ സമിതിയിലെ നാല് അംഗങ്ങളും രാജി വച്ചു. എന്നാൽ മുൻ ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ബിപ്ലബ് കുമാർ ശർമ അദ്ധ്യക്ഷനായി കേന്ദ്രസർക്കാർ ഈ സമിതി പുനഃസംഘടിപ്പിച്ചു. 14 അംഗങ്ങളാണ് ഈ സമിതിയിലുണ്ടായിരുന്നത്. ഈ സമിതിയാണ് ജനുവരി 15-ന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

അസമിലെ പൗരത്വ പ്രക്ഷോഭങ്ങളിലെ പ്രധാന ആവശ്യങ്ങളിലൊന്ന് മറ്റ് ഏഴ് സംസ്ഥാനങ്ങളിലുമെന്നത് പോലെ ഇവിടെയും ഇന്നർ ലൈൻ പെർമിറ്റ് അനുവദിക്കുക എന്നതായിരുന്നു. ഗോത്ര, ഗിരിമേഖലകളിലടക്കം സന്ദർശനം നടത്തിയാണ് ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.