ദില്ലി: ദീപാവലി ആഘോഷം പൊടിപൊടിച്ചതോടെ അതിരൂക്ഷമായി ദില്ലിയിലെ വായു മലിനീകരണം. നിലവിൽ വായുവിലെ പിഎം 2.5ന്‍റെ അളവ് 500ന് മുകളിലാണ്. അളവ് 400 കടന്നാൽ തന്നെ സ്ഥിതി ഗുരുതരമാവും എന്നിരിക്കെയാണ് ഇത്. വായുവിന്‍റ ഗുണനിലവാരം അളക്കുന്ന കേന്ദ്രമാണ്(സഫർ)  ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചത്.

നേരത്തെ തന്നെ ദില്ലിയിൽ വായു മലിനീകരണം വളരെ മോശമായ അവസ്ഥയിലാണ് .ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണമുണ്ടായിരുന്നെങ്കിലും വലിയ തോതിൽ പടക്കങ്ങളുപയോഗിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ദില്ലി നഗരത്തിന് പുറമെ അതിർത്തി നഗരങ്ങളായ നോയിഡയിലും ഗുരുഗ്രാമിലും മലിനീകരണം രൂക്ഷമാണ്.

24 മണിക്കൂറിൽ ഒരു ഘനയടി അന്തരീക്ഷവായുവിൽ അടങ്ങിയ സൂഷ്മകണങ്ങളുടെ (പർട്ടിക്കുലേറ്റ് മാറ്റർ) അളവ് നോക്കിയാണ് മലിനീകരണത്തോത് കണക്കാക്കുന്നത്. പിഎം 10, പിഎം 2.5 എന്നീ കണങ്ങളുടെ അളവാണ് നോക്കുക. 10 മൈക്രോണിൽ കുറഞ്ഞ വ്യാസമുള്ള കണങ്ങൾ പിഎം 10 വിഭാഗത്തിലും 2.5 മൈക്രൊണിൽ കുറഞ്ഞ കണങ്ങൾ പിഎം 2.5 വിഭാഗത്തിലുമാണ് പെടുന്നത്.