45 വയസ്സിന് താഴെയുള്ളവരിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കൊവിഡോ വാക്സിനോ അല്ല, മറിച്ച് ഹൃദ്രോഗമാണെന്ന് എയിംസ് നടത്തിയ പുതിയ പഠനം കണ്ടെത്തുന്നു. മരിച്ചവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു

ദില്ലി: 45 വയസ്സിന് താഴെയുള്ളവരിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കൊവിഡ് ബാധയല്ലെന്ന് പഠനം. ഒരു വർഷത്തിനിടെ പരിശോധിച്ച എല്ലാ പെട്ടെന്നുള്ള മരണങ്ങളിലും പകുതിയിലധികവും 45 വയസ്സിന് താഴെയുള്ളവരിലാണെന്നും എയിംസിലെ സംഘം നടത്തിയ പഠനം പറയുന്നു. മരിച്ചവരിൽ പലരും ആരോഗ്യവാന്മാരായിരുന്നു. വീട്ടിലോ യാത്രയിലോ ആയിരിക്കുമ്പോൾ പലരും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയുകൊണ്ടിരിക്കുന്നപ്രോജക്റ്റിന്റെ ഭാഗമായി ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ ഈ മാസം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

2023 മെയ് മുതൽ 2024 ഏപ്രിൽ വരെ ദില്ലി എയിംസിലെ പാത്തോളജി ആൻഡ് ഫോറൻസിക് മെഡിസിൻ വകുപ്പുകളാണ് പഠനം നടത്തിയത്. 2,214 പോസ്റ്റ്‌മോർട്ടങ്ങൾ വിശകലനം ചെയ്തു. 180 കേസുകളിൽ 8.1 ശതമാനവും സാധാരണ നിലയിലുള്ള പെട്ടെന്നുള്ള മരണങ്ങളായിരുന്നു. എന്നാൽ 103 കേസുകൾ (57.2 ശതമാനം) 18-45 വയസ്സ് പ്രായമുള്ള യുവാക്കളാണ് പെട്ടെന്നുള്ള മരണത്തിന് കീഴടങ്ങിയത്. 33.6 വയസ്സായിരുന്നു ഇവരുടെ ശരാശരി പ്രായം. മരിച്ചവരിൽ ഏറെയും പുരുഷന്മാരുമായിരുന്നു.

ഹൃദ്രോഗമാണ് പ്രധാന കാരണമായി കണ്ടെത്തിയതെന്ന് എയിംസിലെ ഫോറൻസിക് മെഡിസിൻ വിഭാഗം അം​ഗവും പഠനത്തിന്റെ പ്രധാനിയുമായ ഡോ. സുധീർ ഗുപ്ത പറഞ്ഞു. യുവാക്കളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങളിൽ 42.6% ത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങളാണ് കാരണം. അവരിൽ മിക്കവർക്കും ഗുരുതരമായ കൊറോണറി ആർട്ടറി രോഗമുണ്ടായിരുന്നു. പലപ്പോഴും മുൻകൂട്ടി രോഗനിർണയം നടത്തിയിരുന്നില്ല. ന്യുമോണിയ, ക്ഷയം, ശ്വാസംമുട്ടൽ തുടങ്ങിയ ശ്വസനസംബന്ധമായ കാരണങ്ങളാണ് അഞ്ചിൽ ഒന്നിൽ മരണങ്ങൾക്കും കാരണം.

വിശദമായ ഇമേജിംഗ്, പോസ്റ്റ്‌മോർട്ടം, മൈക്രോസ്കോപ്പിക് പരിശോധന എന്നിവ നടത്തിയിട്ടും ചെറുപ്പക്കാരിലെ അഞ്ചിലൊന്നിൽ കൂടുതൽ മരണങ്ങളുടെയും പൊതുകാരണം കണ്ടെത്താനായില്ല. "നെഗറ്റീവ് പോസ്റ്റ്‌മോർട്ടം" കേസുകൾ ജനിതക ഹൃദയ വൈകല്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. മിക്ക മരണങ്ങളും വീട്ടിലോ യാത്രയ്ക്കിടയിലോ ആണ് സംഭവിച്ചത്. പലപ്പോഴും രാത്രിയിലോ അതിരാവിലെയോയിരുന്നു. മരിച്ചവരിൽ വളരെ കുറച്ച് ചെറുപ്പക്കാർക്ക് മാത്രമേ പ്രമേഹം അല്ലെങ്കിൽ രക്താതിമർദ്ദം പോലുള്ള അവസ്ഥകൾ ഉണ്ടായിരുന്നുള്ളൂ.

പരിശോധിച്ച കേസുകളിൽ ജീവിതശൈലിയിലെ അപകടസാധ്യതകൾ സാധാരണമായിരുന്നു. ചെറുപ്പത്തിൽ മരിച്ചവരിൽ പകുതിയിലധികവും പുകവലിക്കുന്നവരോ മദ്യപിക്കുന്നവരോ ആയിരുന്നു. പെട്ടെന്നുള്ള മരണങ്ങളും കോവിഡ് അണുബാധയോ വാക്സിനേഷനോ തമ്മിൽ കാര്യമായ ബന്ധമില്ലെന്ന് പഠനത്തിൽ കണ്ടെത്തി. 46-65 വയസ് പ്രായമുള്ളവരിൽ, കൊറോണറി ആർട്ടറി രോഗം കൂടുതൽ പ്രകടമായിരുന്നുവെന്ന് പിഎസ്ആർഐ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. കെ.കെ. തൽവാർ പറഞ്ഞു.

അകാല കൊറോണറി ആർട്ടറി രോഗങ്ങളുടെ വർദ്ധനവ് ഈ പഠനം എടുത്തുകാണിക്കുന്നു. പാരമ്പര്യമായി ലഭിക്കുന്ന ഹൃദയ തകരാറുകൾ മൂലമാണ് പല വിശദീകരിക്കാനാവാത്ത മരണങ്ങളും സംഭവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ട. പതിവ് പോസ്റ്റ്‌മോർട്ടങ്ങളിൽ ഇത് കണ്ടെത്താൻ കഴിയില്ല. ജനിതക പരിശോധനയുടെയും കുടുംബ പരിശോധനയുടെയും പിൻബലത്തോടെ മാത്രമേ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താനാകൂ.

കോവിഡ് വാക്സിനേഷൻ പെട്ടെന്നുള്ള ഹൃദയ സംബന്ധമായ മരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ആവർത്തിച്ച് പറയുമ്പോൾ തന്നെ, നേരത്തെയുള്ള പ്രതിരോധ പരിശോധനകൾ, പുകയില, മദ്യം എന്നിവ കർശനമായി ഒഴിവാക്കൽ, ചെറുപ്പക്കാരിൽ പതിവ് ഹൃദയ വിലയിരുത്തലുകൾ എന്നിവയുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചെറുപ്പക്കാരിൽ പെട്ടെന്നുള്ള മരണം പലപ്പോഴും അടിസ്ഥാന രോഗങ്ങളിൽ നിന്നുണ്ടാകുന്നതാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു, അതിനാൽ നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണ്.