ലെൻസ്‌കാർട്ടിന്റെ ‘സ്റ്റാഫ് യൂണിഫോം ആൻഡ് ഗ്രൂമിംഗ് ഗൈഡ്’ നയം സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുസ്ലീം വനിതകൾക്ക് ഹിജാബ് ധരിക്കാൻ അനുവാദം നൽകുകയും എന്നാൽ ഹൈന്ദവ വിശ്വാസപ്രകാരമുള്ള ബിന്ദി, തിലകം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചുള്ള രേഖകൾ പുറത്തുവന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
പ്രമുഖ കണ്ണട വിതരണക്കാരായ ലെൻസ്‌കാർട്ടിന്റെ ജീവനക്കാർക്കുള്ള ഗ്രൂമിംഗ് ഗൈഡുമായി ബന്ധപ്പെട്ട് കടുത്ത മതവിവേചന ആരോപണങ്ങളാണ് ഉയരുന്നത്. സ്റ്റോർ ജീവനക്കാർക്ക് കറുത്ത നിറത്തിലുള്ള ഹിജാബും തലപ്പാവുകളും ധരിക്കാൻ അനുവാദമുണ്ടെന്ന് പറയുന്ന കമ്പനിയുടെ ' ലെൻസ്‌കാർട്ട് സ്റ്റാഫ് യൂണിഫോം ആൻഡ് ഗ്രൂമിംഗ് ഗൈഡ്' പ്രകാരം ബിന്ദി, തിലകം എന്നിവയ്ക്ക് കർശന വിലക്കുണ്ടെന്നാണ് ആരോപണം.
വിവാദത്തിന് കാരണമായ നിർദ്ദേശങ്ങൾ
ഓൺലൈനിൽ പ്രചരിക്കുന്ന രേഖകൾ പ്രകാരം ലെൻസ്‌കാർട്ട് ജീവനക്കാർക്ക് ഹിജാബ് ധരിക്കാം, എന്നാൽ മതപരമായ തിലകങ്ങളോ പൊട്ടുകളോ പാടില്ല. 'മതപരമായ തിലകം/ടിക്ക, ബിന്ദി എന്നിവ അനുവദനീയമല്ല' എന്നാണ് ഈ ഗൈഡിൽ പറയുന്നത്. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ ചിഹ്നങ്ങളെ മാത്രം വിലക്കുകയും ഹിജാബിനെ അനുവദിക്കുകയും ചെയ്യുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി #BoycottLenskart പോലുള്ള ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി.
പിയൂഷ് ബൻസാലിന്റെ വിശദീകരണം
പ്രതിഷേധം ശക്തമായതോടെ ലെൻസ്‌കാർട്ട് സ്ഥാപകൻ പിയൂഷ് ബൻസാൽ എക്സിലൂടെ വിശദീകരണവുമായി എത്തി. പ്രചരിക്കുന്ന രേഖകൾ പഴയതാണെന്നും അത് കമ്പനിയുടെ നിലവിലെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ലെൻസ്‌കാർട്ടിനെക്കുറിച്ച് തെറ്റായ ഒരു പോളിസി രേഖ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ രേഖ ഞങ്ങളുടെ നിലവിലെ മാർഗനിർദ്ദേശങ്ങളല്ല എന്ന് ഞാൻ നേരിട്ട് വ്യക്തമാക്കുന്നു. ബിന്ദിയും തിലകവും ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള മതപരമായ ആവിഷ്കാരങ്ങൾക്ക് ഞങ്ങളുടെ പോളിസിയിൽ നിയന്ത്രണങ്ങളില്ല. പഴയ പതിപ്പുകൾ ഞങ്ങൾ ഇന്ന് ആരാണെന്ന് പ്രതിനിധീകരിക്കുന്നില്ല. ഉണ്ടായ ആശയക്കുഴപ്പങ്ങൾക്ക് ക്ഷമ ചോദിക്കുന്നു,' ബൻസാൽ കുറിച്ചു.
പിന്നീട് നൽകിയ മറ്റൊരു വിശദീകരണത്തിൽ, ഈ രേഖ ഫെബ്രുവരി 17-ന് തന്നെ കണ്ടെത്തി നീക്കം ചെയ്ത ഒരു പഴയ ഇന്റേണൽ ട്രെയിനിംഗ് നോട്ടാണെന്നും ഇതൊരു എച്ച്.ആർ പോളിസി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ പ്രതിഷേധം തുടരുന്നു
ബൻസാലിന്റെ വിശദീകരണം വന്നെങ്കിലും പലരും അത് തള്ളിക്കളഞ്ഞു. പ്രചരിക്കുന്ന രേഖ 2026 ഫെബ്രുവരിയിലേതാണെന്നും, കമ്പനി കള്ളം പറയുകയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നു. ഷെഫാലി വൈദ്യ ഉൾപ്പെടെയുള്ളവർ ഈ രേഖ ഫെബ്രുവരി 2026-ലേതാണെന്ന് ചൂണ്ടിക്കാട്ടി ബൻസാലിനെതിരെ രംഗത്തെത്തി. നിലവിലെ മാർഗനിർദ്ദേശങ്ങൾ പൊതുവായി പ്രസിദ്ധീകരിക്കാൻ കമ്പനി തയ്യാറാണോ എന്നും അവർ ചോദിക്കുന്നു.
ഇന്ത്യയിലെ ആയിരക്കണക്കിന് സ്റ്റോർ ജീവനക്കാർ തങ്ങളുടെ വിശ്വാസങ്ങൾ അഭിമാനപൂർവ്വം മുറുകെപ്പിടിക്കുന്നുണ്ടെന്നും അതിൽ കമ്പനിക്ക് അഭിമാനമേയുള്ളൂവെന്നും പിയൂഷ് ബൻസാൽ വ്യക്തമാക്കിയെങ്കിലും വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.


