'പല പെൺകുട്ടികൾക്കും പഠിക്കാനുള്ള ടിക്കറ്റാണ് ഹിജാബ്. ഹിജാബ് ധരിക്കാത്ത പെൺകുട്ടികൾക്ക് യാഥാസ്ഥിതിക കുടുംബങ്ങൾ വിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകും. സ്കൂളിൽ വിടാത്ത അവസ്ഥയുണ്ടാക്കും'... ജസ്റ്റിസ് ഹിമാൻശു ധൂലിയ
ദില്ലി: ഒരു പെൺകുട്ടിയോട് അവരുടെ ഹിജാബ് അഴിച്ച് മാറ്റണമെന്ന് പറയുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയ്യറ്റമെന്ന് ജസ്റ്റിസ് ഹിമാൻശു ധൂലിയ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർണാടക സർക്കാർ ഹിജാബ് നിരോധിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലെ വിധി പ്രസ്താവത്തിലാണ് ഈ പരാമർശം. ഹിജാബ് നിരോധിക്കുന്നത് മൗലിക അവകാശങ്ങൾ പരാമർശിക്കുന്ന അനുഛേദം 19 (1) A, 21 എന്നിവയുടെ ലംഘനമാണെന്നും ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടുന്നു. ഹിജാബ് മാറ്റാൻ പറയുന്നത് അന്തസ്സിന് നേരെയുള്ള ആക്രമണമാണ്. മതേതര വിദ്യാഭ്യാസത്തിൻറെ ലംഘനമാണ്... ജസ്റ്റിസ് ഹിമാൻശു ധൂലിയ ചൂണ്ടിക്കാട്ടുന്നു.
ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി, കർണാടക ഹൈക്കോടതി വിധി തള്ളി ജ. ധൂലിയ
സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനുമുള്ള അവകാശം സ്കൂൾ ഗേറ്റിനകത്തും ക്ലാസ് മുറിക്ക് ഉള്ളിലും ഒരു പെൺകുട്ടിക്കുണ്ട്. ഇന്ത്യയുടെ വൈവിധ്യം ഊട്ടിയുറപ്പിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. പല പെൺകുട്ടികൾക്കും പഠിക്കാനുള്ള ടിക്കറ്റാണ് ഹിജാബ്. ഹിജാബ് ധരിക്കാത്ത പെൺകുട്ടികൾക്ക് യാഥാസ്ഥിതിക കുടുംബങ്ങൾ വിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകും. സ്കൂളിൽ വിടാത്ത അവസ്ഥയുണ്ടാക്കും. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് പൊതു ക്രമത്തിനും, സദാചാരത്തിനും ആരോഗ്യത്തിനും എതിരാണോ എന്നും ജസ്റ്റിസ് സുധാൻശു ധൂലിയ വിധിയിൽ ചോദിക്കുന്നുണ്ട്. ഹിജാബ് ധരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നത് ജനാധിപത്യത്തിൽ അധികമാണോ എന്നും ജസ്റ്റിസ് സുധാൻശു ധൂലിയയുടെ വിധി പ്രസ്താവത്തിൽ പറയുന്നു.
'ഹിജാബ് നിരോധനം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്നുമെന്ന് പറയാനാകില്ല'
അതേസമയം, മതേതരത്വം എല്ലാ പൗരന്മാർക്കും ബാധകമാണ് എന്നായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ വിധി. ഒരു മത സമൂഹത്തെ മാത്രം അവരുടെ വസ്ത്രങ്ങളും, മതചിഹ്നങ്ങളും ധരിക്കാൻ അനുവദിക്കുന്നത് മതേതരത്വത്തിന് വിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചൂണ്ടിക്കാട്ടുന്നു. കർണാടക സർക്കാരിന്റെ ഉത്തരവ് മതേതരത്വത്തിന് എതിരാണെന്ന് പറയാനാകില്ല. യൂണിഫോം, വിദ്യാർത്ഥികൾക്ക് ഇടയിൽ സമത്വ ബോധം വരുത്തും. ഹിജാബ് നിരോധന ഉത്തരവ് വഴി പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്നുമെന്ന് പറയാനാകില്ല. അനുച്ഛേദം 21 വഴി യൂണിഫോമിന് അധികമായി വസ്ത്രം ധരിക്കണമെന്ന് അവകാശപ്പെടാനാകില്ലെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധി പ്രസ്താവത്തിൽ വ്യക്തമാക്കുന്നു.
