ഷിംല: മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചലിലെ ​റോഹ്താം​ഗിലെ അടൽ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപ്പെടുത്തി. ശനിയാഴ്ച ടണൽ കടന്ന സഞ്ചാരികൾക്ക് വൈകീട്ടോടെ എവിടെയും തങ്ങാനോ താമസം ഒരുക്കാനോ കഴിയാത്ത അവസ്ഥയിലെത്തി. കുളു മണാലിയിലേക്ക് മടങ്ങുന്നതിനിടെ പകുതി വഴിയിൽ ഇവർ ഒറ്റപ്പെടുകയായിരുന്നു. വൈകീട്ട് ടണലിലൂടെ പൊലീസ് വാഹനങ്ങൾ കടത്തിവിട്ടെങ്കിലും ഇവയും പകുതിയിൽ കുടുങ്ങി.

48 പേരെ ഉൾക്കൊള്ളാവുന്ന ബസ്, 24 സീറ്റ് പൊലീസ് ബസ്, പൊലീസ് ദ്രുതകർമ്മ സേനയുടേതടക്കം അടക്കം 70 വാഹനങ്ങൾ സ്ഥലത്തെത്തിച്ചു.ശനിയാഴ്ച വൈകീട്ട് ആരംഭിച്ച രക്ഷാപ്രവർത്തനം അർദ്ധരാത്രി വരെ തുടർന്നു. രാത്രി 12.33 ഓടെ മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തി. കൂടുതൽ മഞ്ഞുവീഴ്ച വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.