Asianet News MalayalamAsianet News Malayalam

സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഗർഭിണിയായ പശുവിന് ഗുരുതരപരുക്ക്; ഒരാൾ അറസ്റ്റിൽ

കേരളത്തിൽ ഗർഭിണിയായ ആന ചെരിഞ്ഞതിന് സമാനമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേസില്‍ ഒരാള്‍ അറസ്റ്റിൽ.

Himachal pradesh video of pregnant cow injured due to explosion one arrest
Author
Himachal Pradesh, First Published Jun 7, 2020, 5:55 AM IST

ബിലാസ്പൂര്‍: സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഹിമാചലിലെ ബിലാസ്പൂരിൽ ഗർഭിണിയായ പശുവിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലുള്ള ജാന്‍ദത്ത മേഖലയിലാണ് സംഭവം. ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നൽകിയത്. പശുവിന്റെ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നന്ദലാല്‍ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 

അയല്‍ക്കാരനായ നന്ദലാല്‍ മനപൂര്‍വ്വം പശുവിനെ ദ്രോഹിച്ചതാണെന്നാണ് പശുവിന്റെ ഉടമയുടെ ആരോപണം. സംഭവത്തിന് ശേഷം നന്ദലാല്‍ ഒളിവില്‍ പോയതായും ഗുര്‍ദിയാല്‍ സിംഗ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മേയാന്‍ പോയ പശു പരിക്കേറ്റാണ് മടങ്ങിയെത്തിയത്. തീറ്റ എടുക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ് പശു ഉള്ളത്. കേരളത്തിൽ ഗർഭിണിയായ ആന ചെരിഞ്ഞതിന് സമാനമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുകയാണ്. 

അതേസമയം, പാലക്കാട് തിരുവിഴാംകുന്നിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്ന് സൂചന. തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്റ്റേറ്റ് ഉടമ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങാൻ നീക്കം നടത്തുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. ഒളിവിൽ പോയ ഇവർക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി വിൽസനെ ഇന്നലെ പട്ടാമ്പി കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 27 നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. എന്നാല്‍, സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയായിരുന്നു. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. 

സൈലന്‍റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ ആനയടക്കം വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിൽ നിന്ന് ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്നത് പതിവാണ്. ഇങ്ങനെയാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. 

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

Follow Us:
Download App:
  • android
  • ios