Asianet News MalayalamAsianet News Malayalam

യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ; പ്രതിഷേധവുമായി ബെംഗളൂരുവിൽ ഹിന്ദു സംഘടനയുടെ പദയാത്ര

സ്വന്തം മണ്ഡലമായ കനകപുരയിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ സ്ഥലം വാങ്ങിയാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്ന ട്രസ്റ്റിന് കൈമാറിയത്. 

Hindu groups protest against the plan to erect a 114-foot statue of Jesus Kanakapura
Author
Bangalore, First Published Jan 14, 2020, 4:20 PM IST

ബെംഗളൂരു: ബെംഗളൂരുവിലെ കനകപുരയിൽ യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനയായ ഹിന്ദു ജാഗരണ വേദികെ പദയാത്ര നടത്തി. കനകപുര അയ്യപ്പക്ഷേത്രത്തിൽ നിന്നും തഹസിൽദാർ ഓഫീസ് വരെയായിരുന്നു പദയാത്ര. നൂറുകണക്കിനു ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തു.

സർക്കാർ അധീനതയിലുള്ള ഭൂമിയിൽ അനധികൃതമായാണ് പ്രതിമ നിർമ്മിക്കുന്നതെന്നും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ വർഗ്ഗീയ ചേരി തിരിവിനു ശ്രമിക്കുകയാണെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത മുൻമന്ത്രിയും ബിജെപി നേതാവുമായ സിപി യോഗേശ്വർ ആരോപിച്ചു. യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കനകപുക ഹരോബെലെയിലെ 'കപാലിബെട്ട'യെ (കുന്ന്) 'യേശുബെട്ട' എന്നാക്കി മാറ്റാനാണ് ഡികെ ശിവുമാർ ശ്രമിക്കുന്നതെന്നും യോഗേശ്വർ കുറ്റപ്പെടുത്തി.

ശിവകുമാർ പ്രതിമനിർമ്മാണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഹിന്ദു സമൂഹത്തിന്റെ ശക്തി എന്താണെന്നു തിരിച്ചറിയുമെന്നും തങ്ങളുടെ പ്രതിഷേധം യേശുക്രിസ്തുവിനെതിരെയല്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെയാണെന്നും പദയാത്രയെ അഭിസംബോധന ചെയ്തു സംസാരിച്ച ആർഎസ്എസ് നേതാവ് കല്ലട പ്രഭാകർ ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിന്ദു സമൂഹത്തിനെതിരെയുള്ള ഏതു പ്രവർത്തിക്കെതിരെയും തങ്ങൾ പ്രതിഷേധിക്കുമെന്നും പ്രഭാകർ ഭട്ട് വ്യക്തമാക്കി.

Read More: കര്‍ണാടകയില്‍ ക്രിസ്തുപ്രതിമ വിവാദം; സ്ഥലം നല്‍കിയ ശിവകുമാറിനെതിരെ ബിജെപി

സ്വന്തം മണ്ഡലമായ കനകപുരയിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ സ്ഥലം വാങ്ങിയാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്ന ട്രസ്റ്റിന് കൈമാറിയത്. കഴിഞ്ഞ മാസം നടന്ന പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ശിവകുമാർ ട്രസ്റ്റിന് കൈമാറിയിരുന്നു.

പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്നതെന്ന് ആരോപണവുമായി ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. കനകപുരയിലുളള വൊക്കലിഗ സമുദായക്കാരെ മതപരിവർത്തനം നടത്തുന്നതിനുവേണ്ടിയാണ് പ്രതിമ നിർമ്മിക്കുന്നതെന്നായിരുന്നു ബിജെപി എംപി പ്രതാപ് സിംഹയുടെ ആരോപണം.

Read More: 'രാഷ്ട്രീയനേട്ടത്തിനോ അധികാരത്തിനോ വേണ്ടിയല്ല'; ക്രിസ്തു പ്രതിമ വിവാദത്തിൽ പ്രതികരിച്ച് ഡി കെ ശിവകുമാർ‌

എന്നാൽ സ്വന്തം മണ്ഡലമായ കനപുരയിൽ ഇതിനു മുൻപ് ഒട്ടേറെ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള ഒന്നുമാത്രമാണ് യേശുക്രിസ്തുവിന്റെ പ്രതിമയെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. 400 വർഷങ്ങളോളമായി ക്രിസ്ത്യൻ സമൂഹം ആരാധന നടത്തുന്ന സ്ഥലത്താണ് പ്രതിമ നിർമ്മിക്കുന്നത്. അവരുടെ ആഗ്രഹപ്രകാരം പ്രതിമ സ്ഥാപിക്കാൻ താൻ സഹായിക്കുകയായിരുന്നുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. തന്റേ മതേതര കാഴ്ച്ചപ്പാടിനോടുള്ള അസഹിഷ്ണുതയാണ് ബിജെപിയുടെ പ്രതിഷേധത്തിനു കാരണമെന്നും ശിവകുമാർ ആരോപിച്ചു.  

Follow Us:
Download App:
  • android
  • ios