അലിഗഢ്: റോഡുകളില്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നത്  നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെ അലിഗഢ് ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച്. മുസ്ലീങ്ങള്‍ റോഡുകളില്‍ നിസ്കരിക്കുന്നതിനെതിരെ അടുത്തിടെ ചില പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ചില ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മന്ത്രങ്ങള്‍ ചൊല്ലി ഹനുമാന്‍ ചാലിസയും മഹാ ആരതിയും നടത്തിയായിരുന്നു പ്രതിഷേധം.

ഇതിന് പിന്നാലെയാണ് അലിഗഡ് ഭരണകൂടം റോഡുകളില്‍ എല്ലാത്തരം മതപരമായ ചടങ്ങുകളും നടത്തുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ വെല്ലുവിളിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്ത് വന്നു. ഈ ഉത്തരവ് നടപ്പാക്കിയാല്‍ ജില്ലാ കളക്ടറെ കൊണ്ട് ഹനുമാന്‍ ചാലിസ റോഡില്‍ വായിപ്പിക്കുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് പറഞ്ഞതായി ടെെംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

റോഡുകളിലെ നിസ്കാരവും നിരോധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈദ് ദിനം പോലെയുള്ള പ്രത്യേക ദിവസങ്ങളിലും വലിയ പരിപാടികള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ടെന്നും അലിഗഡ് ജില്ലാ മജിസ്ട്രേറ്റ് സി ബി സിംഗ് പറഞ്ഞിരുന്നു. അനുമതിയില്ലാതെ ഒരുതരത്തിലുമുള്ള മതപരമായ പരിപാടികള്‍ റോഡുകളില്‍ പാടില്ല.

എല്ലാവര്‍ക്കും മതപരമായ വിശ്വാസങ്ങള്‍ ആചരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അത് പൊതു റോഡില്‍ പാടില്ല, അവനവന്‍റെ സ്വകാര്യതയില്‍ വേണമെന്നും സി ബി സിംഗ് കൂട്ടിച്ചേര്‍ത്തു.