ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനം
ദില്ലി:ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനം. ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ താപനില ശരാശരിയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് താഴെ വരെയാണ് രേഖപ്പെടുത്തുന്നത്. ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെൽഷ്യസ് ആണ്. ശൈത്യ തരംഗം രൂക്ഷമായാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത് സർക്കാർ പരിഗണിക്കും. താപനില കുറഞ്ഞതോടെ ദില്ലിയിൽ പുകമഞ്ഞു രൂക്ഷമായി. ദില്ലി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി. വായുമലിനീകരണം കൂടിയതാണ് ദില്ലിയിൽ പൂകമഞ്ഞ് രൂക്ഷമാകാൻ കാരണമായത്. ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു.



