ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥിയെ ആദരിക്കാനൊരുങ്ങി ഹിന്ദു മഹാസഭ. ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെപ്പോലെ യഥാര്‍ത്ഥ രാജ്യസ്നേഹിയാണ് ജാമിയയില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥിയെന്നും അവനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഹിന്ദുമഹാസഭ വക്താവ് അശോക് പാണ്ഡെ പറഞ്ഞു. രാജ്യവിരുദ്ധരെ നിശബ്ദമാക്കാനാണ് അവന്‍ ശ്രമിച്ചതെന്നും ഹിന്ദുമഹാസഭ വക്താവ് പറഞ്ഞു.

കൊലപാതകവും രാജ്യത്തിന്‍റെ താല്‍പര്യം സംരക്ഷിക്കാനുള്ള കൊലപാതകവും നിയമപരമായി പോലും വ്യത്യാസമുണ്ട്. പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥിക്ക് നിയമ സഹായം നല്‍കും. അവനെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കും. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള അലിഗഢ് യൂണിവേഴ്സിറ്റിയിലെയും ജെഎന്‍യുവിലെയും രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്നും ഹിന്ദുമഹാസഭ വക്താവ് പറഞ്ഞു. 

വ്യാഴാഴ്ചയാണ് ജാമിയ മിലിയ സര്‍വകലാശാല ക്യാമ്പസിന് മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കുനേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17കാരന്‍ വെടിയുതിര്‍ത്തത്. വീട്ടില്‍ നിന്ന് സ്കൂളിലേക്കെന്നും പറഞ്ഞ് ബാഗുമെടുത്ത് രാവിലെ പുറപ്പെട്ടയാളാണ് സര്‍വകലാശാലയില്‍ തോക്കുമായെത്തി പൊലീസ് നോക്കി നില്‍ക്കെ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ജെവാറിലാണ് കൗമാരക്കാരന്‍ പഠിക്കുന്ന സ്കൂള്‍. എന്നാല്‍, സ്കൂളില്‍ പോകാതെ ജാക്കറ്റില്‍ തോക്ക് ഒളിപ്പിച്ച് സമര സ്ഥലത്തേക്ക് വരുകയായിരുന്നു. വരുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു.

പൊലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു വരുന്നതിനിടെയാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. 'ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം' എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും പൊലീസും കണ്ടുനില്‍ക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്.