ലഖ്‍നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായതായി യുപി പൊലീസ്. കേസിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് നേട്ടമാണെന്നും, പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. 2015-ൽ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് യുപി പൊലീസ് ഡിജിപി ഒ പി സിംഗ് വ്യക്തമാക്കി. കൊലയ്ക്ക് തീവ്രവാദബന്ധമില്ലെന്നും യുപി ഡിജിപി. 

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ പിടികൂടിയത് ഗുജറാത്തിൽ നിന്നാണ്. അറസ്റ്റിലായ മറ്റ് രണ്ട് പേരും ഉത്തർപ്രദേശിലെ ബിജ്‍നോറിൽ നിന്നുള്ള മുസ്ലിം പുരോഹിതരാണ്. സ്ഥലത്ത് നിന്ന് കിട്ടിയ ഒരു മിഠായിപ്പൊതിയുടെ വിലാസം തിരക്കിയതിൽ നിന്നാണ് പ്രതികളെക്കുറിച്ച് തുമ്പ് കിട്ടിയതെന്നും ഒപ്പം കമലേഷ് തിവാരിയുടെ ഭാര്യയുടെ മൊഴി നിർണായകമായെന്നും പൊലീസ് വ്യക്തമാക്കി. 

ഗുജറാത്തിൽ അറസ്റ്റിലായവ‍ർ ഇവരാണ്: മൗലാന മൊഹ്‍സിൻ ഷെയ്‍ഖ് (24), റഷീദ് അഹമ്മദ് പഠാൻ (23), ഫൈസാൻ (21). റഷീദ് പഠാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. തിവാരിയുടെ വീട്ടിലേക്ക് മധുരം കൊടുക്കാനെന്ന് പറഞ്ഞാണ് മിഠായിപ്പൊതി വാങ്ങിയത്. ഇത് വാങ്ങിയത് ഫൈസാനാണ്. 

ഇതോടൊപ്പം ബിജ്‍നോറിൽ നിന്ന് അറസ്റ്റിലായ മതപുരോഹിതർ ഇവരാണ്: മുഹമ്മദ് മുഫ്‍തി നയീം, അൻവറുൾ ഹഖ് എന്നിവർ. 

തികച്ചും വിരുദ്ധമായ ആരോപണവുമായി അമ്മ

വ്യാഴാഴ്ച കൊല്ലപ്പെട്ട ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ മരണത്തിൽ ലഖ്‍നൗവിലെ ബിജെപി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി അമ്മ രംഗത്ത്. മഹ്‍മുദാബാദിലെ ഒരു ക്ഷേത്രത്തിന്‍റെ നി‍‍‍ർമാണവുമായി ബന്ധപ്പെട്ട് ശിവ് കുമാർ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും, ഈ കൊലപാതകത്തിന് പിന്നിലും ഗുപ്‍ത തന്നെയാണെന്ന് ഉറപ്പാണെന്നും, കമലേഷ് തിവാരിയുടെ അമ്മ ആരോപിച്ചു. 

കൊലപാതകവുമായി അമ്മയുടെ മൊഴിയെടുത്തപ്പോഴാണ് ശിവ് കുമാർ ഗുപ്തയെ താൻ സംശയിക്കുന്നുണ്ടെന്ന് അമ്മ വെളിപ്പെടുത്തിയത്. ''ബിജെപി നേതാവായ ശിവ് കുമാർ ഗുപ്തയാണ് കൊലയ്ക്ക് പിന്നിൽ. എനിക്കെന്‍റെ മകന്‍റെ മൃതദേഹം കാണണം. അവന് നീതി കിട്ടണം. ഞാൻ മരിച്ചാലും അത് ഞാനവന് വാങ്ങി നൽകും. ഗുപ്‍തയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യണം. അതാരും കേൾക്കുന്നില്ല. തത്തേരി എന്നയിടത്തെ മാഫിയാതലവനാണ് ശിവ് കുമാർ ഗുപ്ത. അഞ്ഞൂറ് കേസെങ്കിലും അയാൾക്കെതിരെ ഉണ്ട്. സ്ഥലത്തെ ഒരു ക്ഷേത്രത്തിന്‍റെ പ്രസിഡന്‍റായ അയാൾ അതിന്‍റെ നി‍‍ർമാണവുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിൽ എന്‍റെ മകനെ ആസൂത്രണം നടത്തി കൊല്ലുകയായിരുന്നു'', അമ്മ പറയുന്നു.

കൊലപാതകികൾ സിസിടിവിയിൽ

ലഖ്‍നൗ ഇൻസ്പെക്ടർ ജനറൽ എസ് കെ ഭഗതിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ കാവി നിറമുള്ള കുർത്തകളണിഞ്ഞ രണ്ട് പേർ തിവാരിയുടെ വീട്ടിലേക്ക് നടന്നു കയറുന്നത് കാണാം. തിവാരിയ്ക്ക് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. അകത്ത് നിന്ന് ഇവരെ കടത്തിവിടാൻ നിർദേശം കിട്ടിയതിനെത്തുടർന്ന് കാവൽ നിന്ന പൊലീസുദ്യോഗസ്ഥൻ ഇവരെ അകത്തേക്ക് കയറ്റി വിടുകയായിരുന്നു. ഇതിന് ശേഷം തിവാരി ഇവരോടൊപ്പം പുറത്ത് പോയി. ചായ കുടിക്കുന്നതിനിടെയാണ് രണ്ട് പേരിൽ ഒരാൾ തിവാരിയെ കുത്തുന്നത്.