മുസ്ലിം യുവാവിന്‍റെ വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം നല്‍കാന്‍ മനുഷ്യ ചങ്ങല തീര്‍ത്ത് ഹിന്ദുക്കള്‍. 

കാന്‍പൂര്‍: മുസ്ലിം യുവാവിന്‍റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി ഹിന്ദുക്കള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് വിവാഹ ഘോഷയാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ഹിന്ദു യുവാക്കള്‍ ചേര്‍ന്ന് മനുഷ്യ ചങ്ങല ഒരുക്കിയത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കാന്‍പൂരില്‍ തുടരുന്നതിനിടെയാണ് ശനിയാഴ്ച നടന്ന വിവാഹത്തില്‍ വരനെയും കൂട്ടരെയും സുരക്ഷിതമായി വിവാഹ സ്ഥലത്തേക്ക് എത്തിക്കാനായി ഹിന്ദു യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് മനുഷ്യ ചങ്ങല സൃഷ്ടിച്ചത്. പ്രതിഷേധങ്ങളും അതേ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതും ഭയപ്പെടുത്തിയതോടെ വിവാഹം നീട്ടി വെക്കാം എന്ന് മുസ്ലിം കുടുംബം തീരുമാനിച്ചു. എന്നാല്‍ ഇവരുടെ പ്രയാസം മനസ്സിലാക്കിയ അയല്‍വാസിയായ വിമല്‍ ചപാഡിയ സഹായിക്കാന്‍ തയ്യാറായി മുമ്പോട്ട് വരികയായിരുന്നു. 

Read More: 'അവർ അവനെ കൊന്നു, ഇപ്പോൾ കലാപകാരിയാക്കുന്നു...' വെടിവയ്പ്പിൽ കൊല്ലപ്പെട്ട സഹീറിന്‍റെ ബന്ധുക്കള്‍ പറയുന്നു

ചപാഡിയയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ സോംനാഥ് തിവാരി, നീരജ് തിവാരി എന്നിവര്‍ ചേര്‍ന്ന് മറ്റ് സുഹൃത്തുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് വരനെയും കൊണ്ടുള്ള വിവാഹ ഘോഷയാത്ര എത്തിയപ്പോള്‍ സംരക്ഷണം ഒരുക്കാന്‍ ഇവര്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയായിരുന്നു. ബക്കര്‍ഗഞ്ച് മുതല്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള വിവാഹ വേദി വരെ ഇവര്‍ വരനും കൂട്ടര്‍ക്കും സുരക്ഷയൊരുക്കി. വിവാഹം കഴിയുന്ന വരെ കാത്തിരുന്ന ഇവര്‍ വധൂവരന്‍മാരുടെ മടക്കയാത്രയിലും അവരെ അനുഗമിച്ചു.