Asianet News MalayalamAsianet News Malayalam

'കശ്മീരി'ൽ കോൺഗ്രസിൽ ഭിന്നത? 'തെറ്റ്' തിരുത്തിയെന്ന് ജനാർദ്ദൻ ദ്വിവേദി, യോഗം വിളിച്ച് സോണിയ

''ചരിത്രപരമായ തെറ്റ്'' തിരുത്തിയെന്നാണ് കോൺഗ്രസിന്‍റെ ജനാർദ്ദൻ ദ്വിവേദി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറ‌ഞ്ഞത്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നിലപാടിൽ എതിർപ്പുമായി ഇന്നലെ അസമിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി ഭുവനേശ്വർ കലിത രാജി വച്ചത് കോൺഗ്രസിന് വൻ തിരിച്ചടിയായി. 

Historical Mistake Rectified Today Congress Split Wide Open as Leaders Ditch Party Line on Article 370
Author
New Delhi, First Published Aug 6, 2019, 9:35 AM IST

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിൻമേലും കൃത്യമായ നിലപാടില്ലാതെ നട്ടം തിരിയുകയാണ് കോൺഗ്രസ്. ഇന്നലെ ലോക്സഭയിൽ രാഹുൽ ഉണ്ടായിരുന്നിട്ടും ആദ്യ ദിനം ഒന്നും പ്രതികരിക്കാൻ തയ്യാറായില്ല. പിന്നീട് 24 മണിക്കൂറിന് ശേഷമാണ് രാഹുൽ ട്വിറ്ററിൽ പ്രതികരണം നടത്തിയത്. 

സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല. ബില്ലിൻമേൽ നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. അതേസമയം, മുതിർന്ന പല നേതാക്കളും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി. 

കശ്മീർ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുൻനിർത്തിയാണ് ഇന്നലെ കോൺഗ്രസ് പ്രതിരോധം നടത്തിയത്. ഗുലാം നബി ആസാദ്, ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. 

'ചരിത്രപരമായ തെറ്റ് തിരുത്തി'

ഇതിനെല്ലാമിടയിലും മുൻ എംപിമാരും മുതിർന്ന നേതാക്കളും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‍റു, അന്നത്തെ മുഖ്യമന്ത്രി ഷെയ്‍ഖ് അബ്ദുള്ളയുമായി നടത്തിയ ചർച്ചകൾക്കും, വിശദമായ പരിശോധനകൾക്കും ശേഷമാണ് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവായി ഭരണഘടനാ അനുച്ഛേദം 370 ഭരണഘടനയോട് ചേർക്കുന്നത്. നെഹ്‍റുവിന്‍റെ ആ തീരുമാനത്തെ തള്ളിപ്പറയുകയാണ ്മുതിർന്ന നേതാവ് ജനാർദ്ദൻ ദ്വിവേദി. ആ നീക്കം ''ചരിത്രപരമായ തെറ്റാണെ''ന്നാണ് ദ്വിവേദി പറഞ്ഞത്. 

''ഇതൊരു പഴയ പ്രശ്നമാണ്. സ്വാതന്ത്യത്തിന് ശേഷം, പല സ്വാതന്ത്ര്യ സമരസേനാനികളും 370 വേണ്ടെന്ന നിലപാടിലായിരുന്നു. എന്‍റെ രാഷ്ട്രീയഗുരു ഡോ. രാം മനോഹർ ലോഹ്യ ഈ അനുച്ഛേദത്തിനെതിരായിരുന്നു. ഇത് രാജ്യത്തിനാകെ സംതൃപ്തിയുണ്ടാക്കുന്ന തീരുമാനമാണെന്നാണ് വ്യക്തിപരമായി എന്‍റെ നിലപാട്'', ജനാർദ്ദൻ ദ്വിവേദി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു ജനാർദ്ദൻ ദ്വിവേദി. കഴിഞ്ഞ കുറച്ചു കാലമായി പാർട്ടിയ്ക്ക് വിഭിന്നമായ നിലപാട് സ്വീകരിച്ചുവരുന്ന ദ്വിവേദി, നോട്ട് നിരോധനത്തെയും സ്വാഗതം ചെയ്തിരുന്നു. 

അതേസമയം, ഹരിയാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി ദീപേന്ദർ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തി. ''370-ാം അനുച്ഛേദം ഭരണഘടനയിൽ വേണ്ടതില്ലെന്നാണ് എന്‍റെയും വ്യക്തിപരമായ അഭിപ്രായം. ഇത് ദേശതാത്പര്യത്തിന് അനുകൂലമായ തീരുമാനമാണ്. ഇതിലൂടെ യഥാർത്ഥത്തിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്'', ഹൂഡ ട്വിറ്ററിൽ കുറിച്ചു. 

അസമിൽ നിന്നുള്ള കോൺഗ്രസിന്‍റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിത ഇന്നലെത്തന്നെ ബില്ലിനോടുള്ള പാർട്ടി നിലപാടാണ് രാജിക്കു കാരണം എന്ന് പ്രഖ്യാപിച്ചത് ബിജെപിയുടെ നിശ്ശബ്ദ നീക്കത്തിൻറെ സൂചനയായിരുന്നു. നിലപാടില്ലാതെ കോൺഗ്രസ് നട്ടം തിരിയുമ്പോൾ, സോണിയ വിളിച്ചു ചേർക്കുന്ന യോഗത്തിൽ സമവായമാകുമോ എന്ന് കണ്ടറിയണം. 

Follow Us:
Download App:
  • android
  • ios