ആശുപത്രിയില്‍ ഉടനടി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്താനായില്ല
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി. ആശുപത്രി അധികൃതര്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഭീഷണി വന്നതായി ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല.
അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ (ജിസിഎ) ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 'നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും' എന്നായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഭീഷണിയെ തുടർന്ന് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും സ്റ്റേഡിയത്തിന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെയാണ് അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് വ്യാജ ബോംബ് ഭീഷണി വന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മുംബൈയില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും വ്യാജ ഭീഷണിയുണ്ടായിരുന്നു. ചണ്ഡീഗഡ്-മുംബൈ വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായി ഒരു അജ്ഞാതന്‍ വിമാനത്താവളത്തിലേക്ക് ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും വിമാനത്തില്‍ പരിശോധന നടത്തുകയും, അപകടകരമായി ഒന്നുമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനം ഐസൊലേഷൻ ബേയിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതിന് ശേഷം രാജ്യത്ത് വ്യാജ ബോംബ് ഭീഷണികള്‍ തുടര്‍ക്കഥയാവുകയാണ്.

