മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ശ്രമിച്ചത്. 

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞ് ഹോളണ്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി. പുഷ്കറില്‍ നത് സമുദായത്തില്‍പ്പെട്ട കുട്ടികളുടെ വിവാഹമാണ് മാതാപിതാക്കള്‍ നടത്താന്‍ ശ്രമിച്ചത്. ഹോളണ്ടില്‍ നിന്നുള്ള 24-കാരിയായ വിദ്യാര്‍ത്ഥിനി ജൈറ സോന ചിന്‍ ആണ് പെണ്‍കുട്ടികളുടെ വിവാഹം തടയുന്നതിന് കാരണമായത്.

ഇന്‍റര്‍നാഷണല്‍ ഡവലപ്മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയായ ജൈറ വര്‍ഷങ്ങളായി രാജസ്ഥാന്‍ സന്ദര്‍ശിക്കാറുണ്ട്. 2016 മുതലുള്ള കാലയളവില്‍ 16 തവണയാണ് അവര്‍ രാജസ്ഥാനില്‍ എത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പ്രാദേശിക സന്നദ്ധ സംഘടനകളുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജൈറ. പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ശ്രമിക്കുന്നെന്ന വിവരം പുഷ്കറിലുള്ള സുഹൃത്തുക്കള്‍ മുഖേനയാണ് ജൈറ അറിയുന്നത്.

ഉടന്‍ തന്നെ ഇവര്‍ ഇന്ത്യയില്‍ ബാലാവാകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഈ സംഘടന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പുഷ്കര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുമായി ചേര്‍ന്ന് ശൈശവ വിവാഹത്തിന്‍റെ വാര്‍ത്ത ലോക്കല്‍ പൊലീസിനെ അറിയിച്ചു. വിവരം സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായ പൊലീസ് വിവാഹങ്ങള്‍ തടയുകയായിരുന്നു. പുഷ്കറിലെ 40- ഓളം വിദ്യാര്‍ത്ഥികളെ ജൈറ ഏറ്റെടുത്ത് പഠിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.