'സിഗരറ്റ് പോലെ തന്നെ അപകടകാരിയും ആസ്ക്തിയുണ്ടാക്കുന്നതും', ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി
ഹുക്കയുടെ ഉപയോഗം മൂലം ആളുകൾക്ക് സിഗരറ്റ് ആസക്തി പോലെ തന്നെയുള്ള ആസക്തി ഉണ്ടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി
ബെംഗളുരു: ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. ഹുക്ക വലിക്കുന്നത് സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടം കുറവാണെന്ന പ്രചാരണം തെറ്റാണെന്ന നിരീക്ഷണത്തോടെയാണ് കർണാടക ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ നിരോധനം ശരിവച്ചത്. ജസ്റ്റിസ് എം നാഗപ്രസന്നയാണ് തിങ്കളാഴ്ച സുപ്രധാന നിരീക്ഷണം നടത്തിയത്. ഭരണഘടനയിലെ 47ാം ആർട്ടിക്കിൾ അനുസരിച്ച് സംസ്ഥാനത്തിന് പൊതുജനാരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ നിരോധിക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഹുക്കയുടെ ഉപയോഗം മൂലം ആളുകൾക്ക് സിഗരറ്റ് ആസക്തി പോലെ തന്നെയുള്ള ആസക്തി ഉണ്ടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സിഗരറ്റ് പോലെ തന്നെ അപകടകാരിയും സിഗരറ്റിലെ തന്നെ ഘടകങ്ങളും അടങ്ങിയതാണ് ഹുക്കയും. ഓരോ പാക്കറ്റ് സിഗരറ്റിലും മദ്യ ബോട്ടിലിലും ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഹുക്കയ്ക്ക് ഇത്തരം മുന്നറിയിപ്പുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരോ ഉപകരണം വച്ച് ഹുക്ക ഉപയോഗിക്കുന്നത് പകർച്ച വ്യാധികൾ വ്യാപിക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്. ഹുക്കയുടെ ഒരു സെഷൻ ഒരു പാക്കറ്റ് സിഗരറ്റ് ഉപയോഗിക്കുന്നതിനേക്കാൾ അപകടകരമാണ്. ഫെബ്രുവരിയിലാണ് കർണാടകയിൽ ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ചത്. ഹുക്കയുടെ വിൽപന, ഉപയോഗം, പുകയില വിമുക്തമെന്ന പേരിൽ ഹുക്ക പരസ്യം ചെയ്യൽ, മറ്റ് രുചികളോട് ഹുക്കയുപയോഗം എന്നിവ ഉൾപ്പെടെ ഹുക്ക സംബന്ധിയായ എല്ലാ വ്യാപാരങ്ങൾക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്.
45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 100 സിഗരറ്റുകൾ ഉപയോഗിക്കുന്നതിന് തുല്യമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വലിയ അളവിൽ നിക്കോട്ടിനും പല ഫ്ലേവറുകൾ നൽകാനുള്ള പദാർത്ഥങ്ങളിലൂടെ വലിയ രീതിയിൽ കാർബണ്‍ മോണോക്സൈഡും അടങ്ങിയിരിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം