പ്രസവ ചികിത്സാ ഫീസ് തുടർച്ചയായി വർദ്ധിപ്പിച്ച് പ്രസവം വൈകിപ്പിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. മൃതദേഹവുമായി ലഖിംപൂർ ഖേരി ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ അച്ഛൻ പ്രതിഷേധിച്ചു. 

ദില്ലി: പ്രസവ ചികിത്സാ ഫീസ് തുടർച്ചയായി വർദ്ധിപ്പിച്ച് പ്രസവം വൈകിപ്പിച്ച് ആശുപത്രി അധികൃതർ കുഞ്ഞിനെ കൊന്നുവെന്നാരോപിച്ച് മൃതദേഹവുമായി പിതാവ് മജിസ്ട്രേറ്റ് ഓഫീസിൽ. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലാണ് സംഭവമുണ്ടായത്. നവജാത ശിശുവിൻ്റെ മൃതശരീരം കവറിലിട്ടാണ് പിതാവ് പരാതിപ്പെടാനെത്തിയത്. ഫീസ് വർധിപ്പിച്ച് പ്രസവം വൈകിപ്പിച്ചതാണ് തൻ്റെ കുഞ്ഞിൻ്റെ മരണത്തിന് കാരണമെന്ന് ഓഫീസിലെത്തിയ പിതാവ് വിപിൻ ഗുപ്ത ആരോപിച്ചു. 

ആശുപത്രി അധികൃതർ ആദ്യം 18,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് ഈ തുക 20,000 രൂപയായി ഉയർത്തി. പുലർച്ചെ 2:30-ഓടെ വിപിൻ ഗുപ്ത കുറച്ച് പണം സംഘടിപ്പിച്ചെങ്കിലും, ശസ്ത്രക്രിയക്ക് മുമ്പ് മുഴുവൻ പണവും അടക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു. തങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ ഭാര്യയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് പോലും താൻ പറഞ്ഞിരുന്നതായി വിപിൻ പറയുന്നു. എന്നാൽ, ആദ്യം പണം വേണമെന്ന നിലപാടിൽ ആശുപത്രി അധികൃതർ ഉറച്ചുനിന്നു. നവജാതശിശു മരിച്ചതിന് പിന്നാലെ ഭാര്യയെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടെന്നും വിപിൻ ആരോപിച്ചു. ഇതിനെ തുടർന്നാണ് വിപിൻ കുഞ്ഞിന്റെ മൃതദേഹം കവറിലാക്കി ജില്ലാ മജിസ്ട്രേറ്റിന്റെ അടുത്തെത്തി പ്രതിഷേധിച്ചത്.

ജില്ലാ മെഡിക്കൽ മേധാവി തന്നെയാണ് എക്സ് പോസ്റ്റിലൂടെ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. "നവജാതശിശുവിന്റെ മരണത്തിൽ, ജില്ലാ ഭരണകൂടം ഗോൾഡർ ആശുപത്രി സീൽ ചെയ്തു. അഡ്മിറ്റ് ചെയ്ത രോഗികളെ ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡിഎമ്മിന്റെ നിർദേശപ്രകാരം, എഡിഎം എ.കെ. റസ്തോഗി ശ്രീജൻ ആശുപത്രി സന്ദർശിച്ച് ഗർഭിണിയായ അമ്മയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കുള്ള നിർദേശങ്ങൾ നൽകി. ജില്ലാ ഭരണകൂടം ദുരിതബാധിത കുടുംബത്തോടൊപ്പം നിൽക്കുന്നു." ഡിഎം എക്സിൽ കുറിച്ചു. അതേസമയം, എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തതെന്നും ചികിത്സയിൽ പിഴവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.