ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്‍റെയും മകന്‍ നരാ ലോകേഷിന്‍റെയും വീട്ടുതടങ്കല്‍ 24 മണിക്കൂര്‍ കൂടി തുടരും. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് പൊലീസിന്‍റെ വിശദീകരണം. വൈഎസ്ആർ കോൺഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരിൽ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പൊലീസ് വീട്ടുതടങ്കലില്‍ ആക്കുന്നത്. 

'ചലോ ആത്മാക്കുർ' എന്ന റാലിക്കാണ് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകരോട് ഗുണ്ടൂരിലെത്താൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. ജഗൻ മോഹൻ റെഡി സർക്കാരിനും വൈഎസ്ആർസിപിയുടെ കൊലപാതക രാഷ്ട്രീയത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു റാലി. എന്നാൽ രാവിലെ റാലി തുടങ്ങും മുൻപേ നായിഡുവും മകനും അമരാവതിയിലെ വീട്ടിൽ തടങ്കലിൽ ആയി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.

അനുയായികൾക്കൊപ്പം വീടിന് പുറത്തിറങ്ങാൻ  നരാ ലോകേഷ് ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് ചന്ദ്രബാബു നായിഡുവും പുറത്തിറങ്ങാൻ  നോക്കി. അദ്ദേഹത്തെയും പൊലീസ് തടഞ്ഞു. റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തടവിൽ കഴിയുന്ന ചന്ദ്രബാബു നായിഡു 12 മണിക്കൂർ നീണ്ട നിരാഹാര സമരത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്ന് പറഞ്ഞ നായിഡു, സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.