വീട് കുത്തിതുറന്ന് കവർച്ച;  ടിവിയും ഹോം തീയറ്ററുമടക്കം മോഷണം പോയത് നാല്  ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ

തിരുവനന്തപുരം: നേമം പൊലീസ് സ്റ്റേഷന് സമീപം ഗണപതി ക്ഷേത്രത്തിന് എതിർവശം ദേശീയപാതയ്ക്ക് ചേർന്നുള്ള വീട്ടിൽ നിന്നും നാല് ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷണം പോയി. ടിവി, ഹോം തിയേറ്റർ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് മോഷണം പോയത്.

നേമം സ്വദേശിയായ സീതി മീരാൻ സാഹിബും കുടുംബവും സ്ഥിരമായി വീട്ടിൽ താമസമില്ലായിരുന്നു. ഞായറാഴ്ച വൈകിട്ട് വീട് പൂട്ടി പോയ ശേഷം തിങ്കളാഴ്ച വൈകിട്ട് മടങ്ങി എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച വെളുപ്പിനോ ആണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. 

വീടിന്‍റെ സിസി ക്യാമറയുടെ ദിശതിരിച്ചു വച്ചശേഷമാണ് കവർച്ച നടത്തിയിട്ടുള്ളത്. സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുടമ സ്ഥലത്തില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കളായിരിക്കാം കവർച്ച നടത്തിയതെന്നാണ് നിഗമനം. നേമം പൊലീസ് പ്രാഥമിക പരിശോധന നടത്തി. ഫിംഗർ പ്രിന്‍റ് വിദഗ്ധരെയും, ഡോഗ് സ്‌ക്വാഡിനേയും എത്തിച്ചു വിശദമായ പരിശോധന നടത്താനാണ് തീരുമാനം.