കൊൽക്കത്ത: സുഹൃത്തിനെ കളിയാക്കാൻ തമാശയ്ക്ക് ഉണ്ടാക്കിയ മെമിയെ ചൊല്ലി പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് ബംഗാൾ സ്വദേശിയായ രാജ്ദീപ് നസ്കര്‍. കൈവിട്ട മെമി വ്യാജവാര്‍ത്തയായി സമൂഹമാധ്യമങ്ങളിലാകെ വൈറലായതോടെ രാജ്ദീപും സുഹൃത്തുക്കളും വിശദീകരണം നൽകി വലഞ്ഞു.

ബംഗാളിൽ പുറത്തിറങ്ങിയ ആജ്കൽ എന്ന ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ജൂൺ മൂന്നിന് മമത ബാനര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു പത്രത്തിലെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. നസ്കറിന്റെ സുഹൃത്തുക്കളിലൊരാൾ ഇവിടെ നസ്കറിന്റെ ചിത്രം വച്ച് തന്റെ ഭാവനയിൽ നിന്ന് ഒരു വാര്‍ത്തയുണ്ടാക്കി. മുൻ കാമുകിയുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കടക്കാൻ ശ്രമിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നെന്നായിരുന്നു ആ വാര്‍ത്ത.

പത്രത്തിന്റെ ഒറിജിനൽ ഒന്നാം പേജിനെ വെല്ലുന്ന രീതിയിൽ മെമി ഉണ്ടാക്കി സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിച്ചു. വരാനിരിക്കുന്ന ഭവിഷ്യത്ത് എന്താണെന്ന് അവര്‍ ചിന്തിച്ചില്ല. വാട്സ്ആപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും അതിരുകളില്ലാത്ത ആകാശത്ത് അത് തീപ്പന്തം പോലെ പടര്‍ന്ന് കയറി. രാജ്ദീപും സുഹൃത്തുക്കളും വൈകിയാണ് ഇക്കാര്യം അറിഞ്ഞത്. അപ്പോഴേക്കും നൂറ് കണക്കിനാളുകൾ ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് ആയിരക്കണക്കിന് ആളുകളിലേക്ക് ഇതെത്തിച്ചിരുന്നു.

നസ്കര്‍ മെമി രൂപകൽപ്പന ചെയ്യുന്ന കാര്യത്തിൽ ഒരു പുലിയാണ്. സ്വന്തമായി ഇതിന് വേണ്ടി മാത്രം അഞ്ച് ഫെയ്സ്ബുക് പേജുകൾ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം പേരാണ് ഈ പേജുകൾ നിരന്തരം പിന്തുടരുന്നത്. ആജ്കൽ എന്ന ദിനപ്പത്രത്തിന്റെ ഒന്നാം പേജാണ് മെമി ഉണ്ടാക്കാൻ ഉപയോഗിച്ചത്. തന്നെ കളിയാക്കുക മാത്രമായിരുന്നു സുഹൃത്തിന്റെ ഉദ്ദേശമെന്നും എന്നാൽ അതെങ്ങിനെയാണ് ഇത്ര വ്യാപകമായി പ്രചരിച്ചതെന്ന് ഒരൂഹവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻകാമുകിയുടെ വീടിന് മുന്നിൽ അനന്ദ ബര്‍മൻ എന്നയാൾ ധര്‍ണ്ണയിരുന്ന വാര്‍ത്ത വലിയ പ്രചാരം നേടിയിരുന്നു ബംഗാളിൽ. ഇതുകൊണ്ടാകാം നന്നായി എഡിറ്റ് ചെയ്ത ആക്ഷേപ ഹാസ്യം വ്യാജവാര്‍ത്തയായി പ്രചരിക്കപ്പെട്ടതെന്നാണ് വസ്തുത അന്വേഷണ വെബ്സൈറ്റായ ബൂംലൈവിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞത്.