ദില്ലി: നമസ്തേ ട്രംപ് രാജ്യത്തെ ടെലിവിഷനുകളില്‍ എത്രപേര്‍ കണ്ടെന്ന കണക്ക് പുറത്ത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് പരിപാടി ടെലിവിഷനില്‍ വീക്ഷിച്ചത് 4.6 കോടി ജനങ്ങളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മാത്രം കണക്കാണ് പുറത്തുവിട്ടത്. ഇന്ത്യയിലെ 180 ടെലിവിഷന്‍ ചാനലുകളിലായി 46 ദശലക്ഷം ആളുകള്‍ പരിപാടി കണ്ടെന്ന് ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിനെ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1 ലക്ഷം പേരാണ് മൊട്ടേര സ്റ്റേഡിയത്തില്‍ പരിപാടി കാണാനെത്തിയത്. 180 ടിവി ചാനലുകളാണ് പരിപാടി തത്സമയ സംപ്രേഷണം ചെയ്തത്. പരിപാടിയില്‍ ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക ട്രംപ്, മരുമകന്‍ ജേഡ് കുഷ്നര്‍ എന്നിവരും ഇന്ത്യയിലെത്തിയിരുന്നു. ട്രംപ് കുടുംബ സമേതം താജ്മഹല്‍ സന്ദര്‍ശിച്ചു. ദില്ലിയിലെ കൂടിക്കാഴ്ചക്ക് ശേഷം ചൊവ്വാഴ്ചയാണ് ട്രംപ് അമേരിക്കയിലേക്ക് തിരിച്ചത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയുടെ മാതൃകയിലാണ് നമസ്തേ ട്രംപും സംഘടിപ്പിച്ചത്. ഇന്ത്യ സന്ദര്‍ശനത്തില്‍ വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരുണ്ടാകുമെന്ന് ട്രംപ് പറഞ്ഞെങ്കിലും ഒരുലക്ഷത്തോളം പേരാണ് എത്തിയത്.