കർണാടകയിൽ 10 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഏഴ് പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. പിടിയിലായവരിൽ  നൈജീരിയൻ പൗരന്മാരും  ദന്തൽ വിദ്യാർത്ഥിയും ഉൾപ്പെടുന്നു മയക്കുമരുന്ന്  വിദ്യാർത്ഥികൾക്കും ടെക്കികൾക്കും വിൽപന നടത്തുന്ന സംഘമാണ് വലയിലായത്.

ബെംഗളൂരു: കർണാടകയിൽ വൻ മയക്കുമരുന്ന് വേട്ട. നാല് കിലോയോളം എംഡിഎംഎ ഉൾപ്പെടെ 10 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഏഴ് പേരെ കർണാടക പോലീസിൻ്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) വിഭാഗം പിടികൂടി. പിടിയിലായവരിൽ രണ്ട് നൈജീരിയൻ പൗരന്മാരും ഒരു ദന്തൽ വിദ്യാർത്ഥിയും ഉൾപ്പെടുന്നു. മഹാദേവപുര പോലീസുമായി ചേർന്ന് ബെംഗളൂരു സിസിബി നടത്തിയ ഓപ്പറേഷനിലാണ് വിദ്യാർത്ഥികൾക്കും ടെക്കികൾക്കുമിടയിൽ വിൽപന നടത്തിയിരുന്ന വൻ മയക്കുമരുന്ന് ശൃംഖല കുടുങ്ങിയത്.

പിടിച്ചെടുത്ത ലഹരിവസ്തുക്കൾ

ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് ബെംഗളൂരുവിൽ വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്. 3.8 കിലോ എംഡിഎംഎ, 41 ഗ്രാം എക്സ്റ്റസി പിൽസ്, ഏകദേശം രണ്ട് കിലോ വീര്യം കൂടിയ ഹൈഡ്രോ കഞ്ചാവ്, 6 കിലോ കഞ്ചാവ് കൂടാതെ, മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച ഒരു കാറും ഒരു ഇരുചക്ര വാഹനവും ഇവരിൽ നിന്ന് സിസിബി പിടിച്ചെടുത്തിട്ടുണ്ട്.

നൈജീരിയൻ പൗരന്മാരും ദന്തൽ വിദ്യാർത്ഥിയും

പിടിയിലായ കെവിൻ റോഗർ, തോമസ് നവീദ് എന്നീ വിദേശികൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നൈജീരിയയിൽ നിന്നെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഹെബ്ബഗോഡിയിൽ വീട് വാടകയ്ക്കെടുത്ത് ഇടപാടുകാരെ കണ്ടെത്തി വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതി.ആവശ്യക്കാർക്കായി മയക്കുമരുന്ന് ഒഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ച ശേഷം ലൊക്കേഷൻ വാട്ട്‌സ്ആപ്പ് വഴിയാണ് കൈമാറിയിരുന്നത് എന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. പിടിയിലായവരിൽ ഒരു ദന്തൽ കോളേജ് വിദ്യാർത്ഥിയും ഉൾപ്പെടുന്നുണ്ട്. ഐടി എഞ്ചിനീയർമാർ എന്ന വ്യാജേനയാണ് ചിലർ പ്രവർത്തിച്ചിരുന്നത് എന്നും പോലീസ് അറിയിച്ചു. സിദ്ധാപുര, ആഡുഗോടി, മഹാദേവപുര, കെ.ജി.നഗർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയതും മയക്കുമരുന്ന് വേട്ട നടത്തിയതും.

YouTube video player