പശ്ചിമേഷ്യൻ സംഘർഷം ബാധിച്ച വ്യവസായങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാർ 18,100 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം 5.0' വഴി ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും എയർലൈനുകൾക്കും അധിക വായ്പ നൽകും. സാമ്പത്തിക സമ്മർദ്ദം കുറച്ച് തൊഴിൽ നഷ്ടം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ഇന്ത്യയിലെ വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം മറികടക്കാൻ ബൃഹത്തായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 18,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം 5.0' (ECLGS 5.0) വഴി ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും എയർലൈൻ കമ്പനികൾക്കും അധിക വായ്പാ സൗകര്യം ലഭ്യമാക്കും. ഈ പദ്ധതിയിലൂടെ മൊത്തം 2.55 ലക്ഷം കോടി രൂപയുടെ വായ്പാ പ്രവാഹമാണ് വിപണിയിൽ ലക്ഷ്യമിടുന്നത്. ഇതിൽ 5,000 കോടി രൂപ എയർലൈൻ മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം മൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും നേരിടുന്ന ബിസിനസ്സുകളെ സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പുതിയ പദ്ധതി പ്രകാരം, പാസഞ്ചർ എയർലൈനുകൾക്ക് അവരുടെ പരമാവധി വായ്പയുടെ 100 ശതമാനം വരെ (1,500 കോടി രൂപ വരെ) വായ്പയ്ക്ക് അർഹതയുണ്ടാകും. മറ്റു സ്ഥാപനങ്ങൾക്ക് 100 കോടി രൂപ വരെ പ്രവർത്തന മൂലധനമായി ലഭ്യമാകും. ബിസിനസ്സുകൾ തകരാതിരിക്കാനും തൊഴിൽ നഷ്ടം ഒഴിവാക്കാനും ഈ ലിക്വിഡിറ്റി സഹായം ഉപകരിക്കുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഈ പദ്ധതി പ്രകാരം എംഎസ്എംഇകൾക്ക് 100 ശതമാനവും മറ്റ് വലിയ സ്ഥാപനങ്ങൾക്കും എയർലൈനുകൾക്കും 90 ശതമാനവും ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷ നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (NCGTC) നൽകും. വായ്പാ തിരിച്ചടവിനായി ആകർഷകമായ വ്യവസ്ഥകളാണ് നിശ്ചയിച്ചിട്ടുള്ളത്. എയർലൈൻ മേഖലയ്ക്ക് രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ ഏഴ് വർഷവും, എംഎസ്എംഇകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ അഞ്ച് വർഷവുമാണ് കാലാവധി. 2027 മാർച്ച് 31 വരെ അനുവദിക്കുന്ന വായ്പകൾക്ക് ഈ ആനുകൂല്യം ലഭിക്കും.

ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ വ്യോമയാന മേഖലയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ സാമ്പത്തിക പിന്തുണ അത്യന്താപേക്ഷിതമാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ എണ്ണ വിപണിയെയും വിദേശ വ്യാപാരത്തെയും ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ.