ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ വൻ പ്രതിഷേധത്തിന് തുടക്കം. വെള്ളിയാഴ്ച ദില്ലി ജുമാ മസ്‌ജിദിൽ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് ഇപ്പോൾ പ്രതിഷേധവുമായി റോഡിലേക്കിറങ്ങിയത്. 

അസാധാരണമായ വലിയ പ്രതിഷേധമാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. പള്ളിയുടെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിലാണ് ജനങ്ങൾ തടിച്ചുകൂടിയത്. ഒരുവിഭാഗം റോഡിലേക്കിറങ്ങി പ്രതിഷേധിക്കുകയാണ്. രണ്ടാം നമ്പർ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ച് തടയാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ ഒന്നാം ഗേറ്റിലേക്ക് പ്രതിഷേധം മാറ്റി.

ഇവർക്കൊപ്പം ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആർമിയും ഉണ്ട്. ഇവർ ഒരുമിച്ച് ജന്ദർ മന്ദറിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. പള്ളിക്ക് മുന്നിലെ പ്രതിഷേധം ഏത് വിധേനയാണ് പൊലീസ് നിയന്ത്രിക്കുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.