കർഷകർക്ക് കൈമാറാൻ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്ര സർക്കാർ അനുവദിച്ച യൂറിയ മറിച്ചുവിറ്റു. സ്വകാര്യ ഗോഡൗണിൽ നിന്ന് 180 ടൺ യൂറിയ കണ്ടെടുത്തു. സംഭവം അന്വേഷിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി
ബെംഗളൂരു: കർണാടകയിൽ വൻ യൂറിയ കുംഭകോണം. കർഷകർക്ക് നൽകാനായി കൃഷി വകുപ്പ് മുഖേന കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു. സ്വകാര്യ ഗോഡൗണിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയാണ് യൂറിയ കുംഭകോണം പുറത്തു കൊണ്ടുവന്നത്. ഇവിടെ നിന്ന് 180 ടൺ യൂറിയ കണ്ടെടുത്തു.
കർഷകർക്ക് കൈമാറാൻ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്ര സർക്കാർ അനുവദിച്ച സബ്‍സിഡി യൂറിയയാണ് കർണാടകത്തിൽ കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായി കണ്ടെത്തിയത്. 200 രൂപയ്ക്ക് കർഷകർക്ക് കൈമാറേണ്ടതാണ് 45 കിലോ വരുന്ന ഒരു ചാക്ക് യൂറിയ. ഇതേ യൂറിയ പുറത്തെത്തിച്ച് ചാക്കിന് 2500 രൂപയ്ക്ക് തമിഴ്നാട്ടിൽ മറിച്ചു വിൽക്കുകയായിരുന്നു. തമിഴ്നാട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ ബെംഗളൂരുവിലെ ശിവാൻപുരയിലെ ഗോഡൗൺ റെയ്ഡ് ചെയ്തത്. ഇവിടെ നിന്ന് യൂറിയ നിറച്ച 4000 ബാഗുകൾ കണ്ടെടുത്തു. 45 കിലോ വീതമുള്ള ചാക്കുകൾ ഇവിടെ എത്തിച്ച് 50 കിലോ ചാക്കുകളിലേക്ക് നിറച്ചാണ് കരിഞ്ചന്തയിലെത്തിച്ചിരുന്നത് എന്നും ഡിആർഐ കണ്ടെത്തി.
പ്രദേശവാസിയായ സലീം ഖാൻ എന്ന വ്യക്തിയിൽ നിന്ന് താസിർ ഖാൻ യൂസഫ് എന്നയാളാണ് ഗോഡൗൺ ലീസിനെടുത്ത് 6 മാസമായി പ്രവർത്തിപ്പിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ രണ്ടുപേരും ഒളിവിലാണ്. കഴിഞ്ഞ ഖാരിഫ് സീസണിൽ യൂറിയ ക്ഷാമത്തെ തുടർന്ന് വലിയ പ്രക്ഷോഭം നടന്ന സ്ഥലമാണ് കർണാടക. ഇതേ സംസ്ഥാനത്താണ് പാവപ്പെട്ട കർഷകർക്കായി എത്തിച്ചു നൽകിയ യൂറിയ മറിച്ചുവിറ്റ സംഭവം നടന്നിരിക്കുന്നത്. വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ടാണ് യൂറിയ കുംഭകോണമെന്ന് ബിജെപി ആരോപിച്ചു. സംഭവം അന്വേഷിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.



