നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ നടത്തുന്ന സമരത്തിന് ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളിലൂടെ വേറിട്ട പിന്തുണ.
ദില്ലി: ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ. ജന്തർ മന്തർ സമരവേദി ലൊക്കേഷൻ നൽകി നൂറുകണക്കിന് ഭക്ഷണ പൊതികൾ സമര വേദിയിലേക്ക് എത്തി. അഞ്ഞൂറിലധികം പൊതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം ഓർഡർ ചെയ്ത് ഇതിനോടകം എത്തിയെന്ന് വളണ്ടിയർമാരും ഡെലിവറി ബോയ്സും പറഞ്ഞു. ബർഗർ, സാൻഡ്‌വിച്ച് മുതൽ കുപ്പിവെള്ളം വരെ സമരക്കാർക്കായി എത്തി. കഴിഞ്ഞ ദിവസം പൊലീസ് സമര വേദിയിലേക്കുള്ള വഴികൾ അടച്ചതോടെ സമരക്കാർക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. അതിനിടെയാണ് സമരക്കാർക്കായി ഫുഡ് ഓർഡർ ചെയ്ത് വേറിട്ട പിന്തുണ പ്രഖ്യാപനം.
പൊലീസ് അടിച്ചു തകർത്ത ജന്തർ മന്തറിലെ സമരവേദിയിൽ ശക്തമായ സമരം പുനരാരംഭിച്ചിരിക്കുകയാണ് സിജെപി. രാവിലെ മുതൽ നൂറുകണക്കിന് യുവാക്കളാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇന്നലത്തെ സംഘർഷത്തിൽ പൊലീസ് പെല്ലറ്റ് ഗണ്ണുകൾ വരെ പ്രയോഗിച്ചെന്ന് സിജെപി വക്താവ് അശുതോഷ് രൻഗ പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കില്ലെന്ന നിലപാടിൽ തുടരുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷ വീഴ്ചയിലെ യുവരോഷമാണ് രാജ്യം കാണുന്നതെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നും ഇടത് എംപിമാർ ആവശ്യപ്പെട്ടു. ജന്തർ മന്തറിലെ സമര വേദിയിലേക്ക് കേരളത്തിൽ നിന്ന് അടക്കമുള്ള ഇടത് എംപിമാർ എത്തി അഭിജിത് ദീപ്കെയുമായി സംസാരിച്ചു.
നീറ്റിൽ ശക്തമായ നിലപാട് സ്വീകരിച്ചെന്ന് പ്രധാനമന്ത്രി
അതേസമയം നീറ്റ് ക്രമക്കേടില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചെന്ന് എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന് അറിഞ്ഞയുടന്‍ തന്നെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നല്ല അഭിഭാഷകരെ നിയോഗിച്ച് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാന്‍ പുനപരീക്ഷ നടത്തി ഒട്ടും വൈകാതെ ഫലം പ്രഖ്യാപിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തെരുവില്‍ ശക്തമാകുന്ന പ്രതിഷേധത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളാണ് പ്രതിഷേധിക്കുന്നതെന്നും അവര്‍ക്കിടയിലേക്ക് ചെന്ന് യഥാര്‍ത്ഥ വഴികാട്ടണമെന്നും അദ്ദേഹം എംപിമാരോട് നിര്‍ദ്ദേശിച്ചു. യുവാക്കള്‍ക്ക് നേരെയുണ്ടായ ലാത്തിചാര്‍ജ്, നീറ്റ് ക്രമക്കേട് അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സർക്കാർ തള്ളിയതോടെ പാർലമെന്‍റിന്‍റെ ഇരു സഭകളും സ്തംഭിച്ചു.

