ദില്ലി: ലോക്ക്ഡൗണില്‍ ഭര്‍ത്താവിന് ജോലി പോയതോടെ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ജോലി ഏറ്റെടുത്ത് 33കാരിയായ പൂജാദേവി. ജമ്മു കശ്മീരിലെ ആദ്യത്തെ വനിതാ ബസ് ഡ്രൈവറാണ് പൂജാ ദേവി. നിര്‍മ്മാണമേഖലയിലെ തൊഴിലാളിയായ ഭര്‍ത്താവിന് ലോക്ക്ഡൗണ്‍ ആയതോടെ ജോലി നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവിംഗ് സ്‌കൂളില്‍ അധ്യാപികയായിരുന്ന പൂജാദേവി പിന്നീട് കുടുംബം പോറ്റാന്‍ ബസ് ഡ്രൈവറായി ജോലിക്ക് കയറുകയായിരുന്നു.

കത്വയിലെ സന്തര്‍ ബഷോലി ഗ്രാമത്തിലാണ് പൂജാദേവിയും കുടുംബവും താമസിക്കുന്നത്. ആദ്യത്തെ നാല് ദിനം ജമ്മു-കത്വ റൂട്ടില്‍ നോണ്‍ സ്‌റ്റോപ്പ് ബസാണ് ഓടിച്ചത്. പ്രതിദിനം 600 രൂപയാണ് പ്രതിഫലം. കൊവിഡിന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ലഭിച്ചതെന്ന് പൂജാദേവി പറഞ്ഞു. ഇപ്പോള്‍ ജമ്മുവില്‍ വീട് വാടകക്കെടുത്തു.

ഏഴ് വയസ്സുകാരനെ ഒപ്പമിരുത്തിയാണ് ഡ്രൈവിംഗ്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പൂജാദേവിയുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. ബസിലുണ്ടായിരുന്ന ജോലിക്കാരന്‍ നിര്‍ത്തിപ്പോയതോടെയാണ് പൂജാദേവിക്ക് ജോലി ലഭിച്ചത്. ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പൂജാദേവിയെ അഭിനന്ദിച്ച് രംഗത്തെത്തി.