പൂനെ: ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്‍റെ ദേഷ്യത്തില്‍ ഭര്‍ത്താവ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. ബാലാസാഹെബ് സോപന്‍ വന്‍ഷീവ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ വെെരാഗ്യത്തിനൊപ്പം ബാലാസാഹെബുമായി സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കവുമുണ്ടായിരുന്ന ബന്ധു അവിനാഷ് കാംബ്ലെയാണ് കൊലപാതകം നടത്തിയത്.

മാര്‍ച്ച് 13നാണ് വന്‍ഷീവിന് അപകടം സംഭവിക്കുന്നത്. പ്രഭാത നടത്തത്തിനായി പോയ വന്‍ഷീവിനെ അതിവേഗത്തിലെത്തിയ ഒരു കാര്‍ പിന്നില്‍ നിന്ന് വന്ന് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ വന്‍ഷീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതോടെ വന്‍ഷീവിന്‍റെ ഭാര്യ മീനാക്ഷി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് പ്രകാരം അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വന്‍ഷീവിനെ ഇടിച്ച കാറില്‍ അവിനാഷും ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞത്. താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ചിലയാളുകള്‍ക്ക് വെെരാഗ്യമുണ്ടായിരുന്നതായി മീനാക്ഷി പൊലീസിനോട് പറഞ്ഞിരുന്നു.

ഇതനുസരിച്ച് നടത്തിയ അന്വേഷണമാണ് അവിനാഷിലേക്ക് വ്യക്തമായ സൂചനകള്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ അവിനാഷ് വന്‍ഷീവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്.