ഹൈദരാബാദ്: ദിശ കേസിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രി എട്ട് മണിവരെ സംസ്കരിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന്‌ വാദം കേൾക്കും. ദേശീയ മനുഷ്യവകാശ കമ്മീഷന്റെ തെളിവെടുപ്പും ഇന്നുണ്ടാകും.

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളുടെ മൃതശരീരങ്ങൾ ഉള്ളത് മെഹബൂബ നഗർ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടം ഇന്നലെ രാത്രി തന്നെ പൂർത്തിയായി. പോസ്റ്മോർട്ടത്തിന്റെ ദൃശ്യങ്ങൾ മെഹബൂബ നഗർ ജില്ലാ കോടതിയിൽ സമർപ്പിക്കണം. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം പൊതുപ്രവ‍ര്‍ത്തകര്‍ തെലങ്കാന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത്‌ പരിഗണിച്ചാണ് നിർദ്ദേശം. ഹർജികളിൽ കോടതി ഇന്ന് വിശദമായി വാദം കേൾക്കും.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് സ്ഥലത്തെത്തി തെളിവെടുക്കും. ഏറ്റുമുട്ടൽ കൊലയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മൗനം തുടരുകയാണ്. ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്നു ടി ആർ എസ് കേന്ദ്രങ്ങൾ പറയുന്നു. ജനരോഷം ഭയന്ന്, പൊലീസ് നടപടിയെ വിമർശിക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടികളും തയ്യാറായിട്ടില്ല. സംഭവം രാഷ്ട്രീയവത്ക്കരിക്കൻ താത്പര്യമില്ലെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.