ഹൈദരാബാദ്: അമേരിക്കയിലെ ജോര്‍ജിയയില്‍ വച്ച് ഹൈദരാബാദ് സ്വദേശി കുത്തേറ്റ് മരിച്ചു. 37കാരനായ മുഹമ്മദ് ആരിഫ് മുഹിയുദ്ദീന്‍ ആണ് മരിച്ചത്. ഞായറാഴ്ച വീടിന് പുറത്ത് ശരീരമാകെ കുത്തേറ്റ നിലയിലാണ് ആരിഫിന്റെ മൃതദേഹം കണ്ടെത്തിയത്. ആരിഫിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അമേരിക്കയിലേക്ക് പോകാന്‍ സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് ബന്ധുക്കള്‍. 

കഴിഞ്ഞ 10 വര്‍ഷമായി ജോര്‍ജിയയില്‍ പലചരക്ക് കട നടത്തുകയാണ് ആരിഫ്. അമേരിക്കയിലേക്ക് പോകാന്‍ എമര്‍ജന്‍സി വിസ അനുവദിക്കണമെന്ന് ആരിഫിന്റെ ഭാര്യ മെഹ്നാസ് ഫാത്തിമ ആവശ്യപ്പെട്ടു. '' എനിക്കും പിതാവിനും ആമേരിക്കയിലേക്ക് പോകാന്‍ എമര്‍ജന്‍സി വിസ അനുവദിക്കണം, അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടതുണ്ട്'' - മെഹ്നാസ് പറഞ്ഞു. 

'' ഞായറാഴ്ച രാവിലെ 9 മണിക്ക് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചതാണ്. എന്നെ തിരിച്ചുവിളിക്കാം എന്നും പറഞ്ഞു. പക്ഷേ പിന്നീടൊരു വിളി ഉണ്ടായില്ല. അജ്ഞാതര്‍ എന്റെ ഭര്‍ത്താവിനെ കുത്തിക്കൊന്നുവെന്ന വിവരം ഭര്‍തൃസഹോദരിയില്‍ നിന്നാണ് പിന്നീട് ഞാന്‍ അറിഞ്ഞത്. അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോള്‍ ജോര്‍ജിയയിലെ ഒരു ആശുപത്രിയിലാണ്. മറ്റ് ബന്ധുക്കളാരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നില്ല. '' - മെഹ്നാസ് കൂട്ടിച്ചേര്‍ത്തു. കടയിലെ ജീവനക്കാരനടക്കം ഒരു സംഘം ആളുകളാണ് ആരിഫിനെ കുത്തിക്കൊന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം