മന്ത്രിയുടെ വാക്കുകള്‍ ഹൈദരബാദിനെയും തെലങ്കാനയെയും പറ്റി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു ടിആര്‍എസിന്‍റെ കുറ്റപ്പെടുത്തൽ

ദില്ലി: തീവ്രവാദികളുടെ സുരക്ഷിത സ്വര്‍ഗമാണ് ഹൈദരാബാദെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയുടെ പ്രസ്താവന വിവാദമാകുന്നു. പ്രസ്താവനയെ തെലങ്കാന രാഷ്ട്ര സമിതിയും ഹൈദരബാദ് എംപി അസദുദ്ദീന്‍ ഉവൈസിയും വിമര്‍ശിച്ചു. ബിജെപിയുടെ മുസ്ലീം വിരോധമാണ് മന്ത്രിയുടെ പ്രസ്താവനയിൽ പ്രകടമാകുന്നതെന്നായിരുന്നു ഉവൈസിയുടെ വിമര്‍ശനം. മന്ത്രിയുടെ വാക്കുകള്‍ ഹൈദരബാദിനെയും തെലങ്കാനയെയും പറ്റി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു ടിആര്‍എസിന്‍റെ കുറ്റപ്പെടുത്തൽ.

അതേ സമയം, ആഭ്യന്തരമന്ത്രി അമിത് ഷാ, കിഷൻ റെഡ്ഡിയെ ശകാരിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായി ചുമതലയേറ്റയുടൻ തെലങ്കാനയിൽ നിന്നുള്ള എം പിയായ ജി കിഷൻ റെഡ്ഡി വിവാദത്തിന് തിരി കൊളുത്തി. രാജ്യത്ത് എവിടെ തീവ്രവാദ ആക്രമണം ഉണ്ടായാലും അതിന്‍റെ വേര് ഹൈദരാബാദിലായിരിക്കുമെന്നായിരുന്നു മന്ത്രിയുടെ വാദം. വിഷയം വിവാദമായെങ്കിലും തെറ്റായൊന്നും പറഞ്ഞില്ലെന്നാണ് കിഷൻ റെഡ്ഡിയുടെ നിലപാട്. മന്ത്രിമാരും എംപിമാരും വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.