തമിഴ്നാട് സർക്കാരിൻ്റെ അഭിമാന പദ്ധതിയായ 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടൻ. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ വിജയ് ഉദ്ഘാടനം നിർവഹിക്കും.

മധുര: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടൻ. മുഖ്യമന്ത്രി സി ജോസഫ് വിജയ് മധുരയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. രാജാജി സർക്കാർ ആശുപത്രിയിലാണ് ഉദ്ഘാടനം ചടങ്ങ്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്‌, കല്യാൺ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമാണ്.

ചെന്നൈയിൽ നിന്ന് മധുര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി വിജയ്, റോഡ് മാർഗം രാജാജി ഗവ. ആശുപത്രിയിൽ എത്തും. സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ-കെവൈസി ചെയ്ത ആധാർ കാർഡും തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്. പദ്ധതി തുടങ്ങിയ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, അവർ ജനിക്കുന്ന സർക്കാർ ആശുപത്രികളിൽ നിന്ന് തന്നെ സ്വർണ മോതിരം നൽകും.

ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇവർക്ക് സ്വർണ മോതിരം വിതരണം ചെയ്യുന്നതിനായി 107 വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് വിതരണ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം രാവിലെ 25 പേർക്കും ഉച്ചയ്ക്ക് ശേഷം 25 പേർക്കുമായിരിക്കും മോതിരം വിതരണം ചെയ്യുക. വില്ലേജ് ഹെൽത്ത് നഴ്‌സുമാർ വഴിയാണ് ഗുണഭോക്താക്കൾക്ക് ഇതിനുള്ള ക്ഷണക്കത്ത് നൽകുക. കത്തിൽ പറഞ്ഞിരിക്കുന്ന കൃത്യം സമയത്ത് മാത്രമേ ആളുകൾ കേന്ദ്രങ്ങളിൽ എത്താൻ പാടുള്ളൂ എന്ന് നിർദേശമുണ്ട്.

രാജാജി ആശുപത്രിയിലെ പരിപാടിക്ക് ശേഷം വിജയ് ഉച്ചയ്ക്ക് 12:50 ഓടെ ഗാന്ധി മ്യൂസിയം സന്ദർശിക്കും. വൈകുന്നേരം 3:45ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും.